തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്‌ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്‌ത് നശിപ്പിച്ചത് ശിവശങ്കറാണ്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ശിവശങ്കർ രചിച്ച അശ്വാത്‌ഥാമാവ് വെറുമൊരു ആന എന്ന പുസ്‌തകത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു സ്വപ്‌നയുടെ വിമർശനം.
താന്‍ ആത്‌മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്നും ഒരുപാട് രഹസ്യങ്ങള്‍ വെളിയില്‍വരുമെന്നും സ്വപ്‌ന പറഞ്ഞു. ഐടി വകുപ്പില്‍ സ്വപ്‌നക്ക് ജോലി വാങ്ങി നല്‍കിയത് താനല്ലെന്ന പുസ്‌തകത്തിലെ പരാമര്‍ശവും അവര്‍ തള്ളി. ഒരു ഫോണ്‍ വിളി കൊണ്ടാണ് തന്റെ നിയമനം നടന്നത്. ഒരു അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നതെന്നും സ്വപ്‌ന ചോദിക്കുന്നു.
ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകള്‍ യൂണിടാക് സ്‌പോണ്‍സര്‍ ചെയ്‌തതാണ്. അതിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ കമ്പനി തന്നെയാണ് പറഞ്ഞത്. അന്നത് വാങ്ങിയില്ലെങ്കിലും പിന്നീട് അദ്ദേഹത്തിന് സാങ്കേതിക പ്രശ്‌നം ഉണ്ടായപ്പോള്‍ വീട്ടിൽ വെച്ച് ഫോണ്‍ കൊടുത്തു.
ജൻമദിനത്തില്‍ ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്. ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫിസറിന്റെ പ്രോട്ടോക്കോള്‍ തനിക്കറിയില്ല. ശിവശങ്കര്‍ എന്ന കുടുംബ സുഹൃത്തിന് വേണ്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ ജൻമദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്, സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ഒരു ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യം തനിക്കില്ല. ഒരാള്‍ കൊടുക്കാന്‍ പറഞ്ഞത്, എന്റെ കൈയില്‍ വെച്ച് കൈമാറി. അത് അദ്ദേഹത്തിന് ആവശ്യമുള്ളപ്പോഴാണ് കൊടുത്തത്.
മൂന്ന് വര്‍ഷമായി തന്റെ ജീവിതത്തിന്റേയും കുടുംബത്തിന്റെയും മാറ്റിനിര്‍ത്താനാകാത്ത ഒരു പ്രധാന അംഗമായിരുന്നു അദ്ദേഹം. തന്റെ അച്ഛനടക്കം എല്ലാം തുറന്ന് സംസാരിക്കുമായിരുന്നു. കണ്ണടച്ച് വിശ്വസിച്ച് തന്നെയായിരുന്നു ശിവശങ്കര്‍ പറയുന്നത് കേട്ട് ജീവിച്ചത്. തന്നെ ഒരു സ്‌ത്രീ എന്ന നിലയില്‍ ചൂഷണം ചെയ്‌ത് മാനിപ്പുലേറ്റ് ചെയ്‌ത് നശിപ്പിച്ചു. അതില്‍ ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അവര്‍ പറഞ്ഞു.
Also Read: കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടും; ബാലചന്ദ്രകുമാർ