കൊച്ചി: ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഓഡിയോയിൽ അഞ്ച് പോലീസ് ഉദ്യോഗസ്‌ഥരെ കുറിച്ചാണ് ദിലീപ് പറയുന്നത്. ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും ശത്രുതയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ദിലീപ് പറയുന്നതെല്ലാം കേസിന്റെ ഗതി മാറ്റാൻ വേണ്ടിയാണ്. ഓഡിയോ ക്‌ളിപ്പിൽ ഒരു സിനിമയുടെ റഫറൻസ് ദിലീപ് സൂചിപ്പിക്കുന്നുണ്ട്. സിനിമയിലേത് പോലെ ആസൂത്രണം ചെയ്‌താൽ പിടിക്കപ്പെടില്ലെന്നാണ് കൂട്ടുപ്രതികളോട് പറയുന്നത്. ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപിന് കൃത്യവും വ്യക്‌തവുമായ പദ്ധതി ഉണ്ടായിരുന്നു എന്നത് ഇതിൽ നിന്ന് വ്യക്‌തമാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും മറ്റുള്ളവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച പറയുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഹരജിയിൽ ഇന്നത്തെ വാദം പൂർത്തിയായി. വാദങ്ങള്‍ നാളെയും തുടരും. നാളെ രാവിലെ 9.30നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വാദപ്രതിവാദങ്ങള്‍ നാളെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗങ്ങളോടും കോടതി കര്‍ശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: കോവിഡ്; സംസ്‌ഥാനത്ത് രോഗവ്യാപന തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി