തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് വിഡി. സതീശൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദ്ദേശമാണ് വിഡി. സതീശൻ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് എസ്‌കോട്ട്, പൈലറ്റ് വാഹനങ്ങൾ മാത്രമായിരിക്കും ഇനി അകമ്പടി നൽകുക. റോഡ് ബ്ളോക്ക് ചെയ്യരുതെന്നും സാധാരണക്കാരനെപ്പോലെ, നേരത്തെ സഞ്ചരിച്ചിരുന്ന രീതിയിൽ തനിക്ക് പോയാൽ മതിയെന്നുമാണ് വിഡി. സതീശൻ പറയുന്നത്.
എന്നാൽ, സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ എസ്‌കോട്ട് വാഹനം കൂടി മുഖ്യമന്ത്രിക്ക് അകമ്പടിയായി ഉണ്ടായിരിക്കും.
പിണറായി വിജയനെ വീട്ടിലെത്തി കണ്ട് സതീശൻ
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി കണ്ട് വിഡി. സതീശൻ. ഉച്ചയ്‌ക്ക് 12.10ഓടെയാണ് വിഡി. സതീശൻ, ബേക്കറി ജംഗ്‌ഷനിലുള്ള പിണറായിയുടെ വീട്ടിലെത്തിയത്. പിണറായി വിജയൻ ഭാര്യ കമല, മകൾ വീണ തുടങ്ങിയവർ വീടിന് പുറത്തെത്തി സതീശനെ സ്വീകരിച്ചു.
പിണറായി ഹസ്‌തദാനം നൽകിയാണ് വിഡി. സതീശനെ വീടിനുള്ളിലേക്ക് ക്ഷണിച്ചത്. ഇരുവരും തമ്മിൽ 20 മിനിറ്റോളം കൂടിക്കാഴ്‌ച നടത്തി. ശേഷം രണ്ടുപേര് പുറത്തിറങ്ങി മാദ്ധ്യമങ്ങളെ കണ്ടു. സംസ്‌ഥാന രാഷ്‌ട്രീയത്തിലെ ഏറ്റവും സീനിയറായ ആളാണ് പിണറായി വിജയൻ എന്നും, സംസ്‌ഥാനത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ഒരുമിച്ച് നിൽക്കാനുള്ള പിന്തുണ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകണമെന്നും സതീശൻ അഭ്യർഥിച്ചു. സത്യപ്രതിജ്‌ഞയ്‌ക്ക് അദ്ദേഹത്തെ ക്ഷണിച്ചുവെന്നും സതീശൻ പറഞ്ഞു.
ചെന്നിത്തലയെ കണ്ടു, ജ്യേഷ്‌ഠതുല്യനായ ആളെന്ന് വിഡി. സതീശൻ
മുഖ്യമന്ത്രി സ്‌ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് വിഡി. സതീശൻ. ചെന്നിത്തലയെ അനുനയിപ്പിക്കുന്ന ചർച്ചകളാണ് സതീശന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിവരം. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുവരും ഒരുമിച്ചാണ് മാദ്ധ്യമങ്ങളെ കണ്ടത്.
ചെന്നിത്തല എന്റെ ലീഡറാണ്. എനിക്ക് ജ്യേഷ്‌ഠതുല്യനായി നിൽക്കുന്ന ആളുമാണ്. എല്ലാ പിന്തുണയും ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സതീശൻ പറഞ്ഞു. മന്ത്രിസ്‌ഥാനത്തേക്ക് വരുമോ എന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കും എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിഡി. സതീശന് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു


































