തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനെ ക്ഷണിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. നിയമസഭാകക്ഷി യോഗത്തിൽ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിഡി. സതീശൻ രാജ്‌ഭവനിലെത്തി ഗവർണറെ കണ്ട് പിന്തുണക്കത്ത് കൈമാറിയിരുന്നു.
ഇതിന് പിന്നാലെ സതീശനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിക്കുകയായിരുന്നു. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും സതീശനൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്‌ച രാവിലെ പത്തുമണിക്ക് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ വെച്ചാണ് സതീശന്റെ സത്യപ്രതിജ്‌ഞ.
എല്ലാ മന്ത്രിമാരും സതീശനൊപ്പം സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് വിവരം. മുഴുവൻ മന്ത്രിസഭാ അംഗങ്ങളെയും തിങ്കളാഴ്‌ചയ്‌ക്ക് മുൻപ് തീരുമാനിക്കാനാണ് നീക്കം. 21 വ്യാഴാഴ്‌ച നിയമസഭ ചേരുമ്പോൾ പുതിയ എംഎൽഎമാരും സത്യപ്രതിജ്‌ഞ ചെയ്യും.
വൈകീട്ട് ചേർന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് വിഡി.സതീശനെ ഏകകണ്‌ഠമായി നേതാവായി തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പിന്താങ്ങി. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും ദീപാദാസ് മുൻഷിയും യോഗത്തിൽ പങ്കെടുത്തു.
Most Read| പിണറായി വിജയൻ പ്രതിപക്ഷ നേതാവ്


































