കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്

By News Desk, Malabar News
Fake News_Malabar News
Representational Image
Ajwa Travels

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോയുടെ സത്യാവസ്‌ഥ പുറത്ത്. ദ ക്വിന്റ് ഉൾപ്പടെ നിരവധി ദേശീയ, അന്തർദേശീയ മാദ്ധ്യമങ്ങളാണ് ദിവസങ്ങളായി സോഷ്യൽ മീഡിയയെ അസ്വസ്‌ഥമാക്കി കൊണ്ടിരിക്കുന്ന വീഡിയോയുടെ നുണക്കഥകൾ പൊളിച്ചെഴുതിയത്. കോവിഡ് സാധാരണ പനി പോലെയാണെന്നും ലോകം മഹാമാരിയുടെ പിടിയിൽ നിന്ന് മുക്‌തരായെന്നും 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു. ലോകാരോഗ്യ സംഘടനയിലെ ഡോക്‌ടർമാരാണ് ഇക്കാര്യം സ്‌ഥിരീകരിച്ചതെന്നും ഉപയോക്‌താക്കൾ വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു. 2020 ഒക്‌ടോബർ 10 നാണ് ഈ വീഡിയോ പ്രചാരണം ആരംഭിച്ചത്. എന്നാൽ, തികച്ചും അടിസ്‌ഥാന രഹിതമായ കാര്യങ്ങളാണ് വീഡിയോയിലൂടെ പ്രചരിക്കുന്നതെന്ന് പിന്നീട് കണ്ടെത്തി.

വീഡിയോയിൽ കാണുന്ന ഡോക്‌ടർമാർ ലോകാരോഗ്യ സംഘടനയുമായി ഒരുതരത്തിലുള്ള ബന്ധവും ഉള്ളവരല്ല. വേൾഡ് ഡോക്‌ടേഴ്‌സ്‌ അലയൻസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരോഗ്യ വിദഗ്‌ധരാണ് ഇക്കൂട്ടർ. വീഡിയോയുടെ തുടക്കത്തിൽ കോവിഡ് ഒരു പകർച്ചവ്യാധിയല്ല എന്ന അവകാശവാദവുമായി എത്തിയ എൽക്കെ ഡി ക്ളർക് എന്ന സ്‌ത്രീ ഒരു ഡോക്‌ടറല്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവർ വീഡിയോയിൽ ഉന്നയിക്കുന്ന അവകാശ വാദങ്ങൾ തികച്ചും തെറ്റായതും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.

കോവിഡ് സാധാരണ ജലദോഷ പനിയാണെന്നത് മുതൽ കോവിഡ് പ്രതിരോധ വാക്‌സിൻ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്‌തത്‌ വരെ നിരവധി വ്യാജ പ്രചാരണങ്ങളാണ് ഇവർ പടച്ചുവിട്ടിരിക്കുന്നത്. കോവിഡ് ഒരു മഹാമാരിയല്ലെന്നും വാക്‌സിൻ കൊണ്ടുവരുന്നതിനെതിരെ നിയമപരമായി നീങ്ങുമെന്നും ഇവർ വീഡിയോയിലൂടെ പറയുന്നു. തെറ്റായ പരിശോധനകൾ കാരണമാണ് കോവിഡ് പരിഭ്രാന്തി പരക്കുന്നതെന്നും കോവിഡ് പോസിറ്റീവ് ആയ 89 ശതമാനം ആളുകളും തെറ്റായ പിസിആർ പരിശോധനകളിലൂടെ രോഗബാധിതരായെന്നും ഇവർ ആരോപിച്ചു.

National News: ലൗ ജിഹാദിനെതിരെ നിയമം വേണം; വിശ്വ ഹിന്ദു പരിഷത്ത്

വീഡിയോയിലൂടെ പ്രചരിക്കുന്ന കാര്യങ്ങളിൽ ലോകാരോഗ്യ സംഘടനക്കോ അംഗങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്ന് ഇതിനോടകം വ്യക്‌തമായിട്ടുണ്ട്. കോവിഡ് ലോകമെമ്പാടും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണെന്ന് തന്നെയാണ് ലോകാരോഗ്യ സംഘടന നിർവചിക്കുന്നത്. മാർച്ച് 11ന് കോവിഡ് ഒരു പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടനാ പ്രഖ്യാപിച്ചപ്പോൾ 114 രാജ്യങ്ങളിൽ 1,18,000 പേർ രോഗബാധിതരാവുകയും 4000ത്തോളം ആളുകൾ മരിക്കുകയും ചെയ്‌തിരുന്നു.

ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ 43,893 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 508 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌ത കോവിഡ് ബാധിത മരണം 120,179 ആണ്. ആകെ 79,90,322 കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. ഇന്ത്യയിലും മറ്റ് പലയിടങ്ങളിലും സ്‌ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണ വിധേയമല്ല.

പിസിആർ ടെസ്‌റ്റുകൾ വ്യാജമാണെന്ന ആരോപണവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണ്. കോവിഡ് ലോകത്ത് നിന്ന് ഇത് വരെ തുടച്ച് നീക്കപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളിൽ വിശ്വസിച്ച് ജനങ്ങൾ ജാഗ്രത കൈവിടരുത്. ഔദ്യോഗിക വെബ്സൈറ്റുകളിൽ വരുന്ന വാർത്തകളും നിർദ്ദേശങ്ങളും മാത്രമേ പിന്തുടരാൻ പാടുള്ളൂ. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും ബന്ധപ്പെട്ട അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികാരികളെ അറിയിക്കുക.

Also Read: ഡെൽഹി സർവകലാശാല വൈസ്‌ ചാൻസലറെ സസ്‌പെൻഡ് ചെയ്‌തു

Editor’s Note: General Practitioner and Founder of Doctors For Truth എന്ന പേരിൽ നിലവിൽ ലോകത്ത് ഒരു അംഗീകൃത സംഘടനയില്ല എന്നതും ഇതൊരു വ്യാജ സൃഷ്‌ടിയാണ് എന്നതും ആദ്യമേ അറിയുക.

വീഡിയോ വ്യാജവും അശാസ്‌ത്രീയവും ആണെന്ന് കണ്ടെത്തിയതിനാൽ യൂട്യൂബും ഫേസ്ബുക്കും ഇത് നീക്കം ചെയ്‌തിട്ടുണ്ട്‌. ശ്രദ്ധേയമായ 2 കാര്യങ്ങൾകൂടി; ഈ വീഡിയോയിൽ പറയുന്ന മറ്റൊരു ഓർഗനൈസേഷൻ പേരാണ് ‘വേൾഡ് ഡോക്‌ടേഴ്‌സ് അലയൻസ്‘. ഈ പേരിലും ലോകത്ത് എവിടെയും ഒരു സംഘടന രജിസ്‌റ്റർ ചെയ്‌തിട്ടില്ല. ഈ വ്യാജ സംഘടനയുടെ വെബ്‌സൈറ്റ് വിലാസമായ WorldDoctorsAlliance.com നിർമ്മിച്ചത് വെറും ഒരുമാസം മുൻപാണ്. കൃത്യമായി പറഞ്ഞാൽ, 2020 സെപ്‌തംബർ 14ന്.

ഇതിനു പിന്നിൽ, ബ്രാൻഡ് നെയിം വേഗത്തിൽ ജനങ്ങളിലെത്തിക്കാനുള്ള തന്ത്രമാകാം. അങ്ങനെ ഒരു സാധ്യത ഈ വീഡിയോക്ക് കൂടുതലാണ്. കാരണം ഈ വീഡിയോയിൽ ഒറാക്കിൾ ഫിലിംസ് എന്നൊരു വിലാസം കാണുന്നുണ്ട്. ഇവർ ഇന്ത്യയുൾപ്പടെ പലയിടത്തും നിയമവിരുദ്ധമായ ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്‌ഥാപനമാണ്. അതുമല്ലങ്കിൽ ഇല്ലുമിനാറ്റി ഗ്രൂപ്പുകളോ സാത്താനിക് സംഘടനകളോ ആകാം.

അതുമല്ലങ്കിൽ, സൈബർ കാലത്ത് രൂപം കൊണ്ടിട്ടുള്ള പുതിയ തരം മാനസിക രോഗികളാകാം. പ്രശസ്‌ത മനഃശാസ്‌ത്ര വിദഗ്ധനായ ഡോ.സിജെ ജോണിന്റെ ഭാഷയിൽ പറഞ്ഞാൽ ലൈക്ഹോളിസ്‌റ്റുകൾ (ലൈക്‌ഹോളിസം) അഥവാ വ്യാജ സൃഷ്‌ടികളോ ഒരു അടിസ്‌ഥാനവുമില്ലാത്ത, എന്നാൽ സമൂഹം ഉടനെ സ്വീകരിക്കാൻ സാധ്യതയുള്ള എതിരഭിപ്രായങ്ങളോ പ്രചരിപ്പിച്ച ശേഷം അതിന് ലഭിക്കുന്ന ലൈക്കും ഷെയറും പ്രതികരണങ്ങളും ഒളിവിലിരുന്ന് കണ്ട് നിർവൃതി അടയുന്ന മനോരോഗം. അതുമല്ലങ്കിൽ നൈതികമല്ലാത്ത ഗവേഷണങ്ങൾ നടത്തുന്ന സ്‌ഥാപനങ്ങളോ വ്യക്‌തികളോ ആകാം.

ഇതൊന്നുമല്ലാത്ത മറ്റ് രണ്ടു കൂട്ടർ കൂടിയുണ്ട്; നമ്മുടെ അസൗകര്യങ്ങളെ, വിലക്കുകളെ അതിജീവിക്കാൻ വേണ്ടി അയഥാർത്യവും സാങ്കൽപികവുമായ കാര്യങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവർ. ഇത്തരം കേൾവികൾ, കാഴ്‌ചകൾ അറിവായി സ്വീകരിക്കുകയും അതിൽ സ്വയം സമാധാനിക്കുകയും മറ്റുള്ളവരെ അതിലേക്ക് അകർഷിക്കുകയും ചെയ്‌തു കൊണ്ട് തനിക്ക് അനുകൂലമായ പരിസ്‌ഥിതി സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ.

മറ്റൊന്ന്; അശാസ്‌ത്രീയ വഴികളിലും നൈതികമല്ലാത്ത വഴികളിലും അടിത്തറയില്ലാത്ത വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ചിന്തിക്കുകയും, ഈ ലോകം തെറ്റാണ്, എന്റേതാണ് ശാസ്‌ത്രീയത എന്ന് സ്വയം തെറ്റിദ്ധരിക്കുകയും അതിലേക്ക് മറ്റുള്ളവരെ ആകർഷിക്കുകയും ചെയുന്ന ഒരുവിഭാഗം. മന്ത്രവാദം, കൈനോട്ടം, രോഗം മാറ്റൽ ഏലസുകൾ, വിവാദ വൈദ്യൻ മോഹനൻ നായർ തുടങ്ങി ആ പട്ടിക നീളും.

ഇന്നത്തെ കാലത്ത് ഏതൊരു വീഡിയോയും വാർത്തയും ഫോർവേഡ് ചെയ്യുമ്പോൾ ശ്രദ്ധയും സൂക്ഷ്‌മതയും പുലർത്തേണ്ടതുണ്ട്. ആരോഗൃ / പോലീസ് രംഗത്തെ പ്രവർത്തകരും മറ്റെല്ലാ സർക്കാർ മിഷണറികളും രാപകൽ വ്യത്യാസമില്ലാതെ നമ്മുടെ ജീവൻ രക്ഷിക്കാനും രോഗ വ്യാപനം തടയാനും പ്രവർത്തിക്കുകയാണ്. അതെങ്കിലും നാമോർക്കണം.

ഇന്ത്യയിലെ ഓരോ സംസ്‌ഥാന ഭരണകൂടങ്ങളും 45% മുതൽ 55% വരെ നികുതിവരുമാന നഷ്‌ടത്തിൽ നിന്ന് കൊണ്ടാണ് നമ്മോട് നിരന്തരം “സൂക്ഷ്‌മത പുലർത്താനും അതീവ ജാഗ്രതയിൽ ജീവിക്കാനും” പറയുന്നത്. നമുക്ക് ഉത്തരവാദിത്തമില്ലായ്‌മ കാണിക്കാം. പക്ഷെ സർക്കാരിന് ഇത്തരമൊരു കാര്യത്തിൽ നിരുത്തരവാദിത്തം സാധ്യമല്ല. കാരണം, ആരോഗ്യരംഗത്തെയും മനുഷ്യാവകാശ മേഖലയിലെയും ജീവശാസ്‌ത്ര മേഖലയിലെയും 100 കണക്കിന് സംഘടനകൾ സംസ്‌ഥാനത്തിനെ‌ ചോദ്യം ചെയ്യും. 13 ലധികം ലോക സംഘടനകളെ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അത് പൊതുസമൂഹം അറിയുന്നില്ല എന്നുമാത്രം.

ഓർക്കുക; ഇന്നത്തെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൊണ്ട്, കൊച്ചു കുട്ടികൾക്ക് പോലും ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കാൻ കഴിയുമെന്ന യാഥാർഥ്യം നാം പലപ്പോഴും മറന്നു പോകുന്നു, അല്ലങ്കിൽ ഗൗനിക്കുന്നില്ല. കള്ള നോട്ടുകൾ നിർമിക്കാൻ എടുക്കുന്ന ‘റിസ്‌ക്’ പോലും ഇത്തരം ഫേക്ക് നിർമിക്കാൻ ആവശ്യമില്ല. നെറ്റ് ലോകത്തെ ‘ഡാർക്ക് വേൾഡ്’ൽ നിന്ന് ഐപി അഡ്രസ് വെളിപ്പെടുത്താതെ കുറഞ്ഞ സമയത്തേക്ക് സൃഷ്‌ടിക്കാൻ കഴിയുന്ന വാട്സാപ്പിൽ നിന്നോ കുറച്ചു സമയത്തേക്ക് മാത്രമായി ലഭ്യമാകുന്ന ഇമെയിൽ ഐഡികളിൽ നിന്നോ ഇത്തരം വ്യാജ സൃഷ്‌ടികൾ പോസ്‌റ്റ് ചെയ്യാം എന്നത് ഓർക്കുക.

Most Read: വ്യക്‌തമായ തെളിവുകളുണ്ടെന്ന് ഹൈക്കോടതി; ശിവശങ്കർ കസ്‌റ്റഡിയിൽ; അറസ്‌റ്റ് പിന്നീട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE