മീൻകുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ല; നടക്കുന്നത് വ്യാജപ്രചാരണം; പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
Ajwa Travels

കൊല്ലം: പാരിപ്പള്ളിയിൽ കോവിഡ് നിയന്ത്രണം പാലിച്ചില്ലെന്ന പേരിൽ പോലീസ് വയോധികയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്ന സംഭവം വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ഉയര്‍ന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്‌ഥാനത്തില്‍ ഡി കാറ്റഗറിയില്‍ ഉൾപ്പെടുത്തിയ മേഖലയാണ്. പോലീസും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പൊതു സ്‌ഥലങ്ങളിലും മൽസ്യവിപണന കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും വ്യാപാരം നിയന്ത്രിക്കുകയും ചില സ്‌ഥലങ്ങളില്‍ നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പാരിപ്പള്ളി വര്‍ക്കല റോഡില്‍ ജൂലൈ 28ആം തീയതി മൽസ്യക്കച്ചവടം നടത്തുന്നതിന്റെ ഫലമായി ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യമുണ്ടായി. ഇത് സംബന്ധിച്ച് തദ്ദേശീയരായ ആള്‍ക്കാര്‍ പരാതി ഉന്നയിക്കുകയും തുടർന്ന് പോലീസ് പലതവണ വിലക്കുകയും ചെയ്‌തിട്ടുള്ളതാണ്. അവിടെ കച്ചവടം നടത്തിയവരെ കര്‍ശനമായി ഒഴിപ്പിച്ചതിനെ തുടര്‍ന്ന് പാമ്പുറം എന്ന സ്‌ഥലത്തേക്ക് കച്ചവടം മാറ്റിയിരുന്നു. ഈ സ്‌ഥലവും ഉയര്‍ന്ന കാറ്റഗറി നിലനില്‍ക്കുന്ന ഡി കാറ്റഗറിയിലുള്ളതായിരുന്നു. പോലീസ് ഇവിടെ നിന്നും കച്ചവടക്കാരോട് മാറാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്‌തത്‌. അല്ലാതെ മൽസ്യങ്ങളോ പാത്രങ്ങളോ വലിച്ചെറിഞ്ഞിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൽസ്യക്കച്ചവടം നിര്‍ത്തിച്ചതിന്റെ പേരില്‍ മത്സ്യവും മറ്റും വാരിയെറിഞ്ഞ നിലയിലുള്ള രംഗം കൃതിമമായ സൃഷ്‌ടിച്ച് പ്രാദേശിക ചാനലിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെടുകയാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വാര്‍ത്തയുടെ നിജസ്‌ഥിതി അന്വേഷിക്കാന്‍ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാരിപ്പള്ളി പറവൂര്‍ റോഡിലാണ് സംഭവം നടന്നത്. അഞ്ചുതെങ്ങ് സ്വദേശിയായ മേരിക്കാണ് പോലീസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിൽപനക്കായി പലകയുടെ തട്ടില്‍ വെച്ചിരുന്ന മീന്‍ പോലീസ് വലിച്ചെറിഞ്ഞെന്നായിരുന്നു മേരി പറഞ്ഞത്. എന്നാല്‍ ഈ ആരോപണം പോലീസ് നിഷേധിച്ചിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കേരള പോലീസിനെതിരെയും സർക്കാരിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE