തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഡിജിപിയുടെ ഇടപെടൽ. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ വേഗത്തില്‍ തന്നെ ഇടപെടണമെന്ന് ഡിജിപി പോലീസിന് കര്‍ശനനിര്‍ദ്ദേശം നൽകി. പുതിയ സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.
നിലവിലുള്ള കേസുകളില്‍ ശക്‌തമായ നടപടി വേണമെന്ന് ഡിജിപി വ്യക്‌തമാക്കി. ആശുപത്രികളില്‍ നിന്നോ ആശുപത്രി ജീവനക്കാരില്‍ നിന്നോ ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടിയുണ്ടാകണം. ഇക്കാര്യത്തില്‍ ഒരു തരത്തിലുമുള്ള അമാന്തം കാണിക്കരുത്; ഡിജിപി സർക്കുലറിൽ അറിയിച്ചു.
ജില്ലാ പോലീസ് മേധാവികള്‍ ഇത്തരം കേസുകള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും ആശുപത്രികളിലെ പോലീസ് എയ്ഡ്‌പോസ്‌റ്റ് കാര്യക്ഷമമാക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷക്കായി കേരളത്തില്‍ പ്രത്യേകം നിയമം നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം കേസെടുത്തുവരികയും ചെയ്യുന്നുണ്ട്. എന്നാല്‍, സംസ്‌ഥാനത്തെ ഡോക്‌ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പലപ്പോഴായി പൊതുജനങ്ങളില്‍ നിന്ന് ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇടയില്‍ ഇത് ഭീതിയുണ്ടാക്കുന്നു; സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ അടിയന്തരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ഡിജിപി സർക്കുലറിൽ വ്യക്‌തമാക്കി.
Most Read: സംസ്‌ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണം തുടങ്ങി; ഉന്നത വിദ്യാഭ്യാസ മന്ത്രി