ചെന്നൈ: അന്തരിച്ച സൂപ്പര്‍സ്‌റ്റാര്‍ പുനീത് രാജ്കുമാറിനോടുള്ള ആദര സൂചകമായി പുനീതിന്റെ പേരില്‍ ചെടി നട്ട് നടന്‍ വിശാല്‍. ഗ്രീന്‍ ഇന്ത്യ ചാലഞ്ചിന്റെ ഭാഗമായി നട്ട ചെടിക്ക് ‘ശ്രീ പുനീത് രാജ്കുമാര്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുനീത് നോക്കി നടത്തിയിരുന്ന 1,800 കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസ ചെലവും വിശാല്‍ ഏറ്റെടുത്തിരുന്നു.
“പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ മേഖലയുടെ മാത്രം നഷ്‌ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്‌ടമാണ്. 1,800 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അദ്ദേഹം നോക്കി നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ആ കര്‍ത്തവ്യം തുടരുമെന്ന് ഞാന്‍ പ്രതിജ്‌ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭ്യാസം ഞാന്‍ ഏറ്റെടുക്കും”- വിശാൽ പറഞ്ഞു.
പുനീത് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർ സ്‌റ്റാറുകളിൽ ഇത്രയും വിനയം വെച്ചുപുലർത്തുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്‌തു. താനും അത് തുടരുമെന്ന് വിശാൽ വ്യക്‌തമാക്കി.
വരുമാനത്തിന്റെ നിശ്‌ചിതഭാഗം സാമൂഹ്യ സേവനത്തിനായി മാറ്റിവെച്ചിരുന്ന വ്യക്‌തിയായിരുന്നു പുനീത്. കർണാടക ജനതയ്‌ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്‌കൂളുകൾ, 16 വൃദ്ധസദനങ്ങൾ, 19 ഗോശാല, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്‌തിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്‌തിദാമ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്‌തിരുന്നു.
Read also: എൻസിപി നേതാവ് അജിത്ത് പവാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി