പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്ക്കുന്നുണ്ട്. കാട്ടാനകൾ, പന്നി, മയിൽ, മാൻ തുടങ്ങിയവയാണ് പ്രധാനമായും ജലം തേടി നാട്ടിലിറങ്ങുന്നത്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന മൃഗങ്ങൾ കൃഷികൾ നശിപ്പിക്കുന്നതും ഇപ്പോൾ വ്യാപകമായിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ആനമല പാലാറിന് സമീപം കാടിറങ്ങിയ കാട്ടാനകളെ വനം വകുപ്പും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് കാട്ടിലേക്ക് തിരികെ കയറ്റിയത്. കാട്ടിനുള്ളിലുള്ള 11 ജലസംഭരണികളും വറ്റിയതോടെയാണ് കുടിവെള്ളം തേടി മൃഗങ്ങൾ നാട്ടിലിറങ്ങാൻ തുടങ്ങിയത്.
അതേസമയം ടാങ്കറിൽ വെള്ളം നിറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കൂടാതെ വേനൽ കടുത്തതോടെ മരങ്ങളും ചെടികളും ഉണങ്ങിയതിനാൽ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ തന്നെ വനത്തിന്റെ പരിസര പ്രദേശങ്ങളിൽ രാത്രികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read also: കോവിഡ് ക്ളസ്റ്ററായി സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം