മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ അവസാന ഘട്ടത്തിൽ. ആറാം ദിനവും തിരച്ചിൽ പുനരാരംഭിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഇന്നത്തെ തിരച്ചിൽ. റഡാർ ഉപയോഗിച്ചാണ് തിരച്ചിൽ. ചാലിയാറിൽ രണ്ടു ഭാഗങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്.
ചാലിയാറിലെ തിരച്ചിൽ നാളെ അവസാനിപ്പിക്കുമെന്നാണ് വിവരം. ദൗത്യം അവസാന ഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. മരണസംഖ്യ 365 ആയി ഉയർന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 218 പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്. 148 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
മരിച്ചവരിൽ 30 കുട്ടികളാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കും. ഇന്നലെ നാല് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൂരൽമലയിൽ നിന്ന് മൂന്നും നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ച ചാലിയാറിൽ പരിശോധന കേന്ദ്രീകരിക്കാനാണ് നിലവിലെ ശ്രമം. പുഴ ഗതിമാറി ഒഴുകിയ സ്‌ഥലങ്ങളിലടക്കം ഇന്ന് പരിശോധനയുണ്ടാകും.
നിലവിൽ 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. അതിനിടെ, ദുരന്തബാധിത മേഖലയായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഇന്ന് രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യൂ വകുപ്പിന്റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. ഇവിടെ രജിസ്‌റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക.
Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ