വയനാട്: ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മേപ്പാടി സ്‌കൂളിൽ താൽക്കാലിക പഠനത്തിന് വഴിയൊരുങ്ങുന്നു. 20 ദിവസത്തിനുള്ളിൽ ക്‌ളാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ ഭാഗമായാവും പുതിയ വെള്ളാർമല സ്‌കൂൾ നിർമിക്കുക.
വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കണ്ടറി, മുണ്ടക്കൈ എൽപി എന്നീ സ്‌കൂളുകളാണ് ഉരുൾപൊട്ടലിൽ തകർന്നത്. രണ്ടു സ്‌കൂളുകളിലുമായി 600ലധികം കുട്ടികൾ പഠിക്കുന്നുണ്ട്. 15 കിലോമീറ്ററോളം ദൂരത്തുള്ള മേപ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഒരുഭാഗം രണ്ടു സ്‌കൂളുകൾക്കുമായി പകുത്ത് നൽകാനാണ് നിലവിലെ ധാരണ.
നിലവിൽ മേപ്പാടി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പാണ്. ടൗൺഷിപ്പ് പദ്ധതിയുടെ രൂപരേഖ ആകുമ്പോഴേക്കും പുതിയ സ്‌കൂൾ എവിടെയെന്ന് തീരുമാനിക്കും. ക്യാമ്പുകളിൽ ഉൾപ്പടെ കഴിയുന്ന കുട്ടികളെ താൽക്കാലിക സ്‌കൂളിലേക്ക് എത്തിക്കാൻ കെഎസ്ആർടിസിയുടെ സഹായം തേടും. അതിനിടെ, സർട്ടിഫിക്കറ്റുകൾ നഷ്‌ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും.
Most Read| ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്