തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് വേണമെന്നും ഇനിയൊരു ദുരന്തം ആവർത്തിക്കരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാൽ മാത്രമേ ഫലപ്രദമാകൂ എന്നും ഇത് സംബന്ധിച്ച കൃത്യമായ നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെൽഹിയിൽ മരിച്ച സിവിൽ സർവീസ് ഉദ്യോഗാർഥി നെവിൻ ഡാൽവിന്റെ തിരുവനന്തപുരം മലയൻകീഴിലെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ”വരുമാനം ഉണ്ടാക്കുന്നവർ നഷ്‌ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്‌ടപ്പെട്ട വയോധികരുമുണ്ട്. ഇവർക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാവാത്ത അവസ്‌ഥയാണ്.
പുനരധിവാസം വേണ്ടിവരുന്ന 450 കുടുംബങ്ങളിൽ ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിക്കണം. ഓരോ കടുംബങ്ങളും വാടക വീട്ടിലേക്ക് മാറുമ്പോൾ അവർക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പടെയുള്ള എല്ലാ സഹായങ്ങളും നൽകണം. അത്തരത്തിൽ എന്തെങ്കിലും ആവശ്യങ്ങൾ സർക്കാർ ആവശ്യപ്പെട്ടാൽ നൽകാൻ യുഡിഎഫ് തയ്യാറാണ്.
പുനരധിവാസത്തിന് വേണ്ടിയുള്ള സ്‌ഥലത്ത് കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ടും സ്‌കൂളും അങ്കണവാടികളും ഉൾപ്പടെ നിർമിക്കുകയെന്നതാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ മാതൃകാ പദ്ധതി തന്നെ നടപ്പാക്കും. ഇനിയും ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം സർക്കാർ ഉൾപ്പടെ എല്ലാവർക്കുമുണ്ട്.
ഇതിനായി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്‌ഥലങ്ങൾ മാപ്പ് ചെയ്യണം. ഡിസാസ്‌റ്റർ മാനേജ്‌മെന്റ്, ജിയോളജി വകുപ്പ്, കാലാവസ്‌ഥാ വകുപ്പ് ഉൾപ്പടെ ഉള്ളവയെ സഹകരിപ്പിച്ചു എഐ സഹായത്തോട് കൂടിയുള്ള വാർണിങ് സിസ്‌റ്റം കേരളം മുഴുവൻ സ്‌ഥാപിക്കണം. കാലാവസ്‌ഥാ വ്യതിയാനം സർക്കാർ കാണാതെ പോകരുത്. കാലാവസ്‌ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സർക്കാരിന്റെ നയരൂപീകരണമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!