ന്യൂഡെൽഹി: നിയമപരിരക്ഷ നൽകാനാവില്ലെന്ന് യുകെ അറിയിച്ചതോടെ രാഷ്‌ട്രീയ അഭയം തേടിയുള്ള ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പദ്ധതി അനിശ്‌ചിതത്വത്തിൽ. നിലവിൽ അതീവ സുരക്ഷയിൽ ഇന്ത്യയിലെ രഹസ്യ കേന്ദ്രത്തിൽ തുടരുന്ന ഹസീന, അഭയം തേടി യുഎഇ, ഖത്തർ, സൗദി അറേബ്യ, ബെലാറൂസ്, ഫിൻലൻഡ് തുടങ്ങിയ രാജ്യങ്ങളെയും സമീപിച്ചേക്കുമെന്നാണ് റിപ്പോർട്.
ഫിൻലൻഡിൽ ഹസീനയുടെ കുടുംബാംഗങ്ങൾ താമസിക്കുന്നുണ്ട്. ഇക്കാരണത്താലാണ് വടക്കൻ യൂറോപ്യൻ രാജ്യം പരിഗണനയിൽ ഉള്ളത്. ഹസീനയുടെ സഹോദരി രഹാനെയുടെ മകൻ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാർലമെന്റിലെ ലേബർ പാർട്ടി അംഗമാണ്. ഇതാണ് ബ്രിട്ടനിലേക്ക് ഹസീനയെ ആകർഷിച്ച ഘടകം. എന്നാൽ, ഹസീനക്കെതിരെ ബംഗ്ളാദേശിൽ വന്നേക്കാവുന്ന കേസുകളിൽ നിന്ന് നിയമപരിരക്ഷ നൽകാനാവില്ലെന്ന് ബ്രിട്ടൻ വ്യക്‌തമാക്കിയിട്ടുണ്ട്.
യുകെയിലെ നിയമം അനുസരിച്ച് രാഷ്‌ട്രീയാഭയം തേടുന്നത് യുകെക്ക് പുറത്തുനിന്നാവാനും പാടില്ല. മാത്രമല്ല, രാജ്യത്തെത്തിയ ശേഷം സമർപ്പിക്കുന്ന അപേക്ഷകളിലും തുടർ നടപടികൾ അനായാസമല്ല. ബംഗ്ളാദേശിലെ ആഭ്യന്തര കലാപം പെട്ടെന്നുണ്ടായ ആളിക്കത്തലല്ലെന്നും കൃത്യമായ ആസൂത്രണം പിന്നിലുണ്ടാകാമെന്നുമാണ് ഇന്ത്യയുടെ നിഗമനം.
ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഷെയ്ഖ് ഹസീന പെട്ടെന്ന് അറിയിച്ചത് അനുസരിച്ചാണ് ഇന്ത്യയിൽ എത്തിയത്. ഭാവി പരിപാടികൾ ആലോചിക്കാൻ സമയം നൽകിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ പാർലമെന്റിൽ വ്യക്‌തമാക്കിയിരുന്നു. ബംഗ്ളാദേശ് സൈന്യവുമായും ഇന്ത്യ ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ബംഗ്ളാദേശിൽ നിലവിലുള്ള പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാകും. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കണം എന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാർഥി നേതാക്കളുടെ ആവശ്യം.
മന്ത്രിസഭയിലെ അംഗങ്ങളെ വിവിധ രാഷ്‌ട്രീയ പാർട്ടികളുമായുള്ള ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും പ്രസിഡണ്ട് അറിയിച്ചു. ഗ്രാമീണരുടെ ദാരിദ്രം തടയാൻ സൂക്ഷ്‌മ വായ്‌പ-നിക്ഷേപ പദ്ധതി നടപ്പാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്‌ഥാപകനാണ് മുഹമ്മദ് യൂനുസ്. നിലവിൽ, വിദേശത്തുള്ള യൂനുസ് സ്‌ഥാനം ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.
Most Read| ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്