കൽപ്പറ്റ: വയനാട് ജില്ലയിലെ പുളിഞ്ഞാൽ ചിറപ്പുല്ല് മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു. നെല്ലിക്കച്ചാൽ തങ്കച്ചനാണ് (50) മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. രാവിലെ വിനോദ സഞ്ചാരികളുമായി ട്രക്കിങ്ങിന് പോയതായിരുന്നു തങ്കച്ചൻ. അതിനിടെയാണ് കാട്ടാന ഇവർക്ക് നേരെ എത്തിയത്. ഇതോടെ വിനോദസഞ്ചാരികൾ ചിതറിയോടി.
എന്നാൽ, ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ തങ്കച്ചന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. സഞ്ചാരികൾ ഓടിരക്ഷപ്പെട്ടു മറ്റു വനപാലകരെ വിവരമറിയിച്ചു. പിന്നീട് വനപാലകർ നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ തങ്കച്ചനെ കണ്ടെത്തിയത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്‌റ്റ് വാച്ചർ കൊല്ലപ്പെട്ടത്. കൊല്ലതിരുമേട് ഫോറസ്‌റ്റ് സ്‌റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് കൊല്ലപ്പെട്ടത്. പച്ചിലകുളം- കരടിപ്പാറ ഭാഗത്ത് വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നിൽപ്പെടുകയായിരുന്നു. വനംവകുപ്പ് സംഘം കാടിനുള്ളിൽ പരിശോധനക്ക് പോയപ്പോഴാണ് സംഭവം.
Most Read| നിപ ഭീതി; കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കി