ന്യൂഡെല്‍ഹി: ഭീമ-കൊറഗാവ് കേസില്‍ എന്‍ഐഎ അറസ്‌റ്റ് ചെയ്‌ത പൗരാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ആയിരുന്നു പ്രത്യേക എന്‍ഐഎ കോടതിയുടെ നിലപാട്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്‌റ്റാൻ സ്വാമി ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇന്നാണ് എന്‍ഐഎയുടെ കസ്‌റ്റഡി അവസാനിക്കുന്നത്, അതിനാല്‍ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയേക്കും.
ഒക്‌ടോബർ എട്ടിനാണ് ദേശീയ അന്വേഷണ ഏജന്‍സി ഭീമ കൊറഗാവ് അനുസ്‌മരണ ചടങ്ങുമായി ബന്ധപ്പെട്ട കേസില്‍ 82കാരനായ ഫാദര്‍ സ്‌റ്റാൻ സ്വാമിയെ അറസ്‌റ്റ് ചെയ്‌തത്. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവര്‍ത്തകനാണ് ജെസ്യൂട്ട് സഭാ വൈദികനായ ഫാ.സ്‌റ്റാൻ സ്വാമി.
ഭൂമി,തൊഴില്‍ അവകാശങ്ങള്‍, വനം എന്നിവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു.
എല്‍ഗാര്‍-ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ട് സ്‌റ്റാൻ സ്വാമിക്ക് പുറമേ സാമൂഹ്യ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്ലിങ്, ഡെല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീര്‍ കലാ മഞ്ചലിലെ മൂന്നംഗങ്ങള്‍ എന്നിവരുള്‍പ്പെടെ ഏഴ് പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
കേസിലെ എല്ലാ പ്രതികള്‍ക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ ആരോപണം.
Read Also: ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍