ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ ന്യായീകരണവുമായി സിഐടിയു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു.
പണിമുടക്കിന്റെ ആദ്യ ദിനത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികൾ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്കു വന്നത് യൂണിയനിൽ അംഗങ്ങളല്ലാത്തവരാണ്. മാളുകളിലുള്ള തൊഴിലാളികൾ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകൾ ഉണ്ടായിരുന്നെങ്കിൽ അവരും പണിമുടക്കിൽ പങ്കെടുക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന് ഈ നയവുമായി അധിക കാലം മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും തപൻ സെൻ കൂട്ടിച്ചേർത്തു.
അതേസമയം, ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്ന് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് രാമനാട്ടുകരയില്‍ വ്യാപാരികളും സമരക്കാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളാണ് ഇന്ന് കടകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോള്‍ സമരാനുകൂലികള്‍ പ്രതിഷേധിക്കുകയും കടയടപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായി. കടകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് വ്യാപാരികള്‍.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ