കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കാണാതായ ആദിവാസി യുവാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാത്ത സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്ത്. അട്ടപ്പാടി പുതൂർ ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ബന്ധുവിന്റെ മർദ്ദനമേറ്റതിനെ തുടർന്ന് കഴിഞ്ഞമാസം 19ന് ആണ് രാമനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചത്. പിറ്റേന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് 22ന് ആണ് രാമനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സഹോദരൻ മുരുകനും കൂടെ ഉണ്ടായിരുന്നു. 24ന് ഉച്ചക്ക് ഭക്ഷണം വാങ്ങാനായി പുറത്തുപോയി തിരികെ എത്തിയപ്പോൾ വാർഡിൽ രാമനെ കണ്ടില്ലെന്നാണ് മുരുകൻ പറയുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ യുവാവിനെ പിടികൂടാൻ സാധിച്ചിട്ടില്ല.
Most Read: ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, അന്വേഷണം തുടങ്ങി