ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ആളുകളുടെ എണ്ണം 15 ആയി ഉയർന്നു. മരിച്ചവരുടെ കൂട്ടത്തിൽ 2 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. കൂടാതെ കാണാതായ ആളുകൾക്കായി തിരച്ചിൽ ഇന്നും തുടരുകയാണ്. കരസേനയും, ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.
നിലവിൽ 16ഓളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളതെന്ന് അധികൃതർ വ്യക്‌തമാക്കി. അപകടത്തെ തുടർന്ന് മണ്ണിനടിയിലായ 14 പേരെയാണ് ഇതുവരെ രക്ഷാപ്രവർത്തന സംഘം രക്ഷിച്ചത്. കഴിഞ്ഞ ഓഗസ്‌റ്റ് 11ആം തീയതി കിന്നൗറിലെ ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്ന് പോകുമ്പോഴാണ് അപകടം ഉണ്ടായത്. തുടർന്ന് ഹിമാചൽ ട്രാൻസ്‌പോർട് കോർപറേഷൻ ബസും, ട്രക്കും, വിനോദ സഞ്ചാരത്തിനായി എത്തിയവരുടെ കാറുകളുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തെ തുടർന്ന് മണ്ണും പാറയും റോഡിലേക്ക് ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് റിപ്പോർട്. മുഖ്യമന്ത്രി ജയറാം ടാക്കൂർ ആകാശനിരീക്ഷണം നടത്തി മേഖലയിലെ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കൂടാതെ മരിച്ച ആളുകളുടെ കുടുംബങ്ങൾക്ക് സംസ്‌ഥാന സർക്കാർ 4 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
Read also: കാണ്ഡഹാറും താലിബാൻ ഭീകരരുടെ കയ്യിൽ; കാബൂൾ തൊട്ടടുത്ത്