ലഖ്‌നൗ: ഹത്രസ് സംഭവത്തില്‍ പ്രതിഷേധിച്ച് വാല്‍മീകി വിഭാഗത്തില്‍പ്പെട്ട 236 പേര്‍ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശില്‍ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാല്‍മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്.
ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്‌ന അംബേദ്കറിന്റേയും ബുദ്ധ സന്യാസികളുടേയും ബുദ്ധിസ്‌റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് 236 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചത്. ഹത്രസ് പെണ്‍കുട്ടിയും കുടുംബവും വാല്‍മീകി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണ്.
‘എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്‌താലും വിപ്ലവം കാണിച്ചാലും ഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരൻമാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു. ഹത്രസ് കേസിന്റെ കാര്യമായാലും, ദളിതര്‍ക്ക് എതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നു’, ബുദ്ധിസ്‌റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
Also Read: ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി
സെപ്റ്റംബർ 14-നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. തുടര്‍ന്ന് ചികില്‍സയില്‍ ആയിരിക്കുമ്പോഴാണ് പെണ്‍കുട്ടി മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് അധികൃതരില്‍ നിന്നും നീതി ലഭിക്കാതെ വരികയും രാജ്യ വ്യാപകമായി പ്രതിഷേധം ആളികത്തുകയും ചെയ്‌തിരുന്നു.