കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വനത്തിനുള്ളിൽ കാണാതായ മൂന്ന് സ്‌ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്‌റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. വനത്തിൽ നിന്നും ആറ് കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.
ഉൾക്കാടായതിനാൽ വാഹനം എത്തിക്കാനാവില്ല. നടന്നുവേണം വരാൻ. വനത്തിൽ നിന്നും സ്‍ത്രീകളുമായി തിരിച്ച രക്ഷാസംഘം ഒരുമണിക്കൂറിനുള്ളിൽ നാട്ടിലെത്തും. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മൂന്ന് സ്‌ത്രീകളെ വനത്തിൽ കാണാതായതായി സ്‌ഥിരീകരിക്കുന്നത്. മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് ഉച്ചയ്‌ക്ക് ഒരുമണിയോടെ വനത്തിനുള്ളിലേക്ക് പോയതാണിവർ.
മായയുമായി ഇന്നലെ നാലുമണിവരെ ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു. ബാറ്ററി തീരുമെന്നും ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ അറിയിച്ചിരുന്നു. പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ഇരുട്ട് വീണതോടെ രാത്രി തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തിരച്ചിലിന് കൂടുതൽ സംഘത്തെ നിയോഗിക്കുകയായിരുന്നു.
Most Read| ഉഭയസമ്മതത്തോടെ ഉള്ള വിവാഹേതര ലൈംഗിക ബന്ധം ബലാൽസംഗമല്ല