ന്യൂഡെല്‍ഹി: കോവിഡ് വാക്സിന്റെ 72 (72,42,014) ലക്ഷത്തിലധികം ഡോസുകള്‍ നിലവില്‍ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 46 (46,61,960) ലക്ഷത്തിലധികം ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 17.56 കോടിയിലധികം വാക്സിന് ഡോസുകള്‍ (17,56,20,810) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്കി. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍.
അതേസമയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്സിന് ക്ഷാമത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നതിനിടെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കേരളം ആവശ്യപ്പെട്ട കോവിഡ് വാക്സിന് എന്ന് ലഭ്യമാക്കാനാവുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.