മാതൃദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് നടി റിമ കല്ലിങ്കൽ. താൻ വോട്ടുചെയ്തത് ഈ പ്രത്യയശാസ്ത്രത്തിനാണ് എന്ന കുറിപ്പോടെയാണ് റിമ മുഖ്യമന്ത്രിയുടെ പോസ്റ്റ് പങ്കുവെച്ചത്. മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടവളാണ് മാതാവെന്ന പൊതുസങ്കൽപം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുവെന്നാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്. എല്ലാ കാര്യത്തിലും സ്ത്രീക്കും പുരുഷനും തുല്യ ഉണ്ടാകേണ്ടതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
വീടിന്റെ മതിൽക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേക്ക് ഇരുകൈകളും നീട്ടി അമ്മമാരെ സ്വാഗതം ചെയ്യാമെന്ന് കുറിച്ച മുഖ്യമന്ത്രി മറ്റൊരാളുടെ നൻമയ്ക്കായി സ്വയം ത്യജിക്കാൻ സന്നദ്ധരായ അമ്മമാരായി എല്ലാവർക്കും മാറാമെന്നും പറയുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയെ മറികടന്ന് നവകേരളത്തിലേക്ക് മുന്നേറാൻ ആ ത്യാഗസന്നദ്ധത നമുക്ക് ഊർജമാകട്ടെയെന്നും കുറിച്ചാണ് മാതൃദിനാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ പ്രവർത്തനങ്ങൾക്കും റിമ കല്ലിങ്കൽ നന്ദി അറിയിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ അവർ ചെയ്യുന്ന പുരോഗമന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നു എന്നായിരുന്നു താരം പറഞ്ഞത്.
Read Also: കോവാക്സിൻ വിതരണം; ഭാരത് ബയോടെക്കിന്റെ ആദ്യ പട്ടികയിൽ കേരളമില്ല