കൊച്ചി : എറണാകുളം ജില്ലയിലെ നെട്ടൂരിൽ വള്ളം മുങ്ങി 3 പേർ മരിച്ചു. ഒരാളെ രക്ഷപെടുത്തി. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം വള്ളത്തിൽ ഉണ്ടായിരുന്ന കോന്തുരുത്തി സ്വദേശിയായ പ്രവീണിനെയാണ് നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയത്.
ഇന്ന് വൈകുന്നേരം 5 മണിയോടെ സുഹൃത്തിന്റെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്കാണ് ചെറിയ വള്ളത്തിൽ ഇവർ 4 പേരും പോയത്. തുടർന്ന് കരയിൽ നിന്നും 50 മീറ്ററോളം അകലെ വച്ച് വള്ളം മുങ്ങുകയായിരുന്നു.
വള്ളം മുങ്ങിയതിന് പിന്നാലെ പോലീസും, ഫയർ ഫോഴ്സും, സ്കൂബാ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. തിരച്ചിലിനൊടുവിലാണ് 3 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. നിലവിൽ മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also : ‘മാണി അഴിമതിക്കാരൻ’; പരാമർശത്തിൽ സർക്കാർ വിശദീകരണം തേടണമെന്ന് കേരളാ കോണ്ഗ്രസ് എം