കൊച്ചി: സ്‌പെഷ്യൽ റണ്ണിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് അഭിഷേക് ബല്ലുലായ. ഭിന്നശേഷിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മൂന്നാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിലിന്റെ ഭാഗമായ സ്‌പെഷ്യൽ റണ്ണിലാണ് കാസർഗോഡ് സ്വദേശിയായ അഭിഷേകും സംഘവും പങ്കെടുത്തത്.
ശരീര പേശികളെ ഗുരുതരമായി ബാധിക്കുന്ന മസ്‌കുലർ ഡിസ്‌ട്രോഫി ബാധിതനായി വീൽ ചെയറിലാണ് അഭിഷേക്. ജോലി ചെയ്യുന്ന കൊച്ചി ഇൻഫോ പാർക്കിലെ ഐടി സ്‌ഥാപനമായ അകാബെസിലെ ജീവനക്കാരുടെയും മാതാപിതാക്കളുടയെയും കൂടെയാണ് 23-കാരനായ അഭിഷേക് മാരത്തണിൽ പങ്കെടുക്കാനെത്തിയത്. ആദ്യമായാണ് താൻ കൊച്ചി മാരത്തണിന്റെ ഭാഗമാകുന്നതെന്ന് അഭിഷേക് പറയുന്നു.
”എന്നെ ഒരു കുടുംബാംഗത്തെ പോലെ ഇവിടേക്ക് കൊണ്ടുവന്നത് എന്റെ സഹപ്രവർത്തകരാണ്. അവർ 10 കി.മി, 3 കി.മി വിഭാഗങ്ങളിലാണ് പങ്കെടുത്തത്. സ്‌പെഷ്യൽ റൺ വിഭാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്”- അഭിഷേക് പറഞ്ഞു.
അതേസമയം, അഭിഷേകിനെ മാരത്തണിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്‌തിയിലാണ് സഹപ്രവർത്തകർ. ”കമ്പനിയിലെ എല്ലാവരും തന്നെ മാരത്തണിന്റെ ഭാഗമായി. ജോലിക്കൊപ്പം പൊതു സമൂഹവുമായി ഇടപഴകേണ്ടത് അത്യാവശമാണല്ലോ. ഞങ്ങളുടെ കമ്പനി അതിനുള്ള അവസരം ഒരുക്കി തരാറുണ്ട്. രണ്ടാഴ്‌ച നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഞങ്ങൾ ഇവിടെ എത്തിച്ചേർന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന മനോഭാവമാണ് ഞങ്ങളുടെ കമ്പനിക്ക് ഉള്ളത്. അഭിഷേക് ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്”- അഭിഷേകിന്റെ സഹപ്രവർത്തകയായ നിത എജി പറഞ്ഞു.
ഫെഡറൽ കൊച്ചി മാരത്തണിൽ നൂറിലേറെ ഭിന്നശേഷിക്കാരാണ് പങ്കെടുത്തത്. ഭിന്നശേഷി വിദ്യാലയങ്ങളിലെ വിദ്യാർഥികളും മാരത്തണിന്റെ ഭാഗമായി. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ-2025 ഇന്ന് മറൈൻ ഡ്രൈവിലാണ് നടന്നത്. സുസ്‌ഥിര ഭാവി ലക്ഷ്യമാക്കി സർക്കുലർ ഇക്കോണമിയുടെ പ്രോൽസാഹനം ലക്ഷ്യമിട്ടാണ് മാരത്തണിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിച്ചത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി




































