കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഷോറൂം മാനേജർ അജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് ബുധനാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അജേഷിന്റെ മൊഴിപ്രകാരം 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
സംഭവത്തിൽ ടൗൺ പോലീസിന്റെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞദിവസം ജയലക്ഷ്മിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിരുന്നു പരിശോധന. എന്നാൽ, കാരണം കണ്ടെത്താനായില്ല. രണ്ടാം നിലയിലാണ് ആദ്യം തീപടർന്നതെന്നാണ് ഫയർഫോഴ്സ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ ഫയർ റസിസ്റ്റ് ഓട്ടോമാറ്റിക് സ്പ്രിംഗ്ളറുകൾ പ്രവർത്തിച്ചതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, തുണിത്തരങ്ങളിലേക്ക് തീ പടർന്നതോടെ രണ്ടും മൂന്നും നിലയിലേക്ക് ആളിപ്പടരുകയായിരുന്നു. ജില്ലാ ഓഫീസറുടെ റിപ്പോർട് വ്യാഴാഴ്ച ജില്ലാ കലക്ടർക്ക് കൈമാറും. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ജയലക്ഷ്മി സിൽക്സിൽ തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് അസ്വാഭാവികത തോന്നിയ രണ്ട് യുവാക്കളാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ഇവർ സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ തന്നെ ടെക്സ്റ്റൈൽസിലെ സുരക്ഷാ അലാം മുഴങ്ങിയിരുന്നു. ജീവനക്കാരും ഉപയോക്താക്കളും ഉടൻ പുറത്തിറങ്ങി. ഈസമയംകൊണ്ട് അഗ്നിശമ സേന സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
സംഭവം നടക്കുമ്പോൾ ടക്സ്റ്റൈൽസിൽ 156 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. 300ലധികം ഉപയോക്താക്കളും ഉണ്ടായിരുന്നു. പുക ഉയർന്നതോടെ രണ്ടു വനിതാ ജീവനക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| എഐ ഉച്ചകോടി; ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല, അങ്കുർ വോറ എത്തും





































