കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളികൾ കടത്തിയ കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടുമായ എ. പത്മകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിയില്ല.
2025 നവംബർ 20നാണ് പത്മകുമാർ അറസ്റ്റിലായത്. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയാണ്. കവർച്ച പത്മകുമാറിന്റെ അറിവോടെ ആണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബോർഡിന്റെ ദുരൂഹമായ അലംഭാവം സ്വർണക്കൊള്ള ആസൂത്രണത്തിന്റെ ഭാഗമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
തട്ടിപ്പിന് നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പൊടിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു പത്മകുമാറിനെ അറസ്റ്റ് ചെയ്തതെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. സിപിഐ നേതാവായ കെപി. ശങ്കരദാസ്, സിപിഎം പ്രതിനിധി എൻ. വിജയകുമാർ എന്നിവരായിരുന്നു 2019ലെ ബോർഡിലെ മറ്റു അംഗങ്ങൾ. ഇവരെയും അറസ്റ്റ് ചെയ്തിരുന്നു.
ഈ ബോർഡിന്റെ കാലത്ത് ദേവസ്വം കമ്മീഷണറും പിന്നാലെ പ്രസിഡണ്ടുമായ എൻ. വാസുവും നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവര്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































