തിരുവനന്തപുരം: പിഎസ്സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. ഇനിമുതൽ 40 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43 വയസുവരെയും എസ്സി/എസ്ടി വിഭാഗത്തിന് 45 വയസുവരെയും അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ നിലവിൽ വരുമ്പോൾ 56 വയസായിരുന്നു സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം.
പിഎസ്സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർധിപ്പിച്ചിരുന്നു. എന്നാൽ, പിഎസ്സി വഴി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസായി തുടരുകയായിരുന്നു.
ഇതാണ് ഇപ്പോൾ 40 വയസായി വർധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഡ് (40), മധ്യപ്രദേശ് (40), ഉത്തർപ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.
Most Read| ‘കേരള’ എന്നതിന് പകരം ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം



































