പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്‌ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കാൻ ബിജെപി. പാലക്കാട് ശോഭാ സുരേന്ദ്രൻ സ്‌ഥാനാർഥിയാകുമെന്നാണ് സൂചന. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയിലില്ല. ആറൻമുളയിൽ മൽസരിക്കാൻ എംടി. രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖയ്‌ക്കാണ് സാധ്യത.
കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മൽസരിക്കും. മണ്ഡലത്തിൽ സുധാകരൻ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. നേമത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയിൽ പികെ. കൃഷ്‌ണദാസും മൽസരിക്കും.
പാലക്കാട്ടെ സാധ്യതാ പട്ടികയിൽ അവസാനഘട്ടത്തിൽ ശോഭ സുരേന്ദ്രനും പാർട്ടി ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവനുമായിരുന്നു. നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്‌ഥാനാർഥിയെ പരിഗണിക്കണമെന്ന സംഘപരിവാർ നിർദ്ദേശം പാർട്ടി മുഖവിലയ്‌ക്കെടുക്കും. പ്രശാന്ത് ശിവനെ കഴിഞ്ഞതവണ അദ്ദേഹം മൽസരിച്ച ആലത്തൂരിൽ പരിഗണിക്കാനാണ് സാധ്യത.
2016ൽ പാലക്കാട്ട് ശോഭ രണ്ടാം സ്‌ഥാനത്ത് എത്തിയിരുന്നു. 2021ൽ ഇ. ശ്രീധരനിലൂടെ ബിജെപി രണ്ടാം സ്‌ഥാനം നിലനിർത്തി. 2016ൽ കോൺഗ്രസിലെ ഷാഫി പറമ്പിലായിരുന്നു ശോഭയുടെ എതിരാളി. 17,483 വോട്ടിനാണ് ഷാഫി ജയിച്ചത്. 2021ൽ ഇ. ശ്രീധരൻ മൽസരിച്ചപ്പോൾ ഷാഫിയുടെ ഭൂരിപക്ഷം 3859 ആയി കുറഞ്ഞിരുന്നു.
സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കിയതോടെ പാലക്കാട് മണ്ഡലത്തിൽ നടൻ രമേശ് പിഷാരടി യുഡിഎഫ് സ്‌ഥാനാർഥിയാവും. പി. സരിനെ എൽഡിഎഫ് സ്‌ഥാനാർഥിയാക്കാനാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്‌തിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ സരിൻ 2024ലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്ര സ്‌ഥാനാർഥിയായിരുന്നു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം







































