തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്‌ഥാനാർഥികളിൽ അധികപേരും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും.
നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് നാലിന്. പുനലൂർ യുഡിഎഫിലെ തർക്കം പരിഹരിക്കപ്പെട്ടതോടെ സ്‌ഥാനാർഥി നൗഷാദ് യൂനുസ് പുനലൂർ ആർടിഒ ഓഫീസർ വരണാധികാരികൾക്ക് മുമ്പാകെ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
കരുനാഗപ്പള്ളി എൻഡിഎ സ്‌ഥാനാർഥി ജിതിൻ ദേവിന്റെ പത്രികാ സമർപ്പണത്തിൽ പങ്കെടുക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും. അതിന് ശേഷമുള്ള സ്‌ഥാനാർഥിയുടെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
കൊട്ടാരക്കരയിലെ എൻഡിഎ സ്‌ഥാനാർഥി ആർ. രശ്‌മി, ഇരവിപുരത്തെ യുഡിഎഫ് സ്‌ഥാനാർഥി വിഷ്‌ണു മോഹൻ, എൽഡിഎഫ് സ്‌ഥാനാർഥി എം. നൗഷാദ്, കൊല്ലത്തെ എൽഡിഎഫ് സ്‌ഥാനാർഥി എസ്. ജയമോഹൻ, ചടയമംഗലം യുഡിഎഫ് സ്‌ഥാനാർഥി എംഎം. നസീർ, കുണ്ടറയിലെ എൻഡിഎ സ്‌ഥാനാർഥി റോബിൻ രാധാകൃഷ്‌ണൻ എൽഡിഎഫ് സ്‌ഥാനാർഥി എസ്എൽ. സജികുമാർ അടക്കമുള്ളവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
എല്ലാ മുന്നണികളും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലെയും മൽസര ചിത്രം വ്യക്‌തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 17 നാൾ മാത്രമാണ് ബാക്കി. മൂന്നാം തുടർ ഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞു എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ








































