കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്ത വിഷയത്തിൽ വിശദീകരണവുമായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം സാമൂഹിക മാദ്ധ്യമത്തിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രത്തൻ ഖേൽക്കർ. അഭിമുഖത്തിലെ കമന്റുകൾ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, അബദ്ധവശാൽ വീഡിയോ പൂർണമായി ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോക്ക് താഴെ വന്ന കമന്റുകൾ മോശം ഭാഷയിലായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്. കമന്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതിൽ വീഡിയോ തന്നെ നീക്കം ചെയ്ത സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്റെ ഭാഗം റീസ്റ്റോർ ചെയ്യാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
”മെറ്റയ്ക്ക് പറ്റിയ തെറ്റ് എന്നാണ് പോലീസ് അറിയിച്ചത്. സൈബർ പോലീസ് മെറ്റയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഉടൻ പരിഹാരം കാണും. മെറ്റയോട് വീഡിയോ റീസ്റ്റോർ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെടാനുള്ള അധികാരം പോലീസിനുണ്ട്. ചട്ടങ്ങൾ അനുസരിച്ചു മാത്രമാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. പരാതി ഉണ്ടെങ്കിൽ തുടർ നടപടി സ്വീകരിക്കാവുന്നതാണ്”- രത്തൻ ഖേൽക്കർ വ്യക്തമാക്കി.
വിഡി. സതീശൻ നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്തതാണ് വിവാദമായത്. വിഡി. സതീശനുമായി മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് നടത്തിയ സംഭാഷണത്തിന്റെ റീൽ ആണ് ബുധനാഴ്ച ഉച്ചയോടെ ഇന്ത്യയിൽ വിലക്കിയത്. അഭിമുഖത്തിന്റെ ഒരുഭാഗം ഇന്ത്യയിൽ കാണിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗം ഫേസ്ബുക്കിന് നോട്ടീസ് നൽകുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ വിമർശനങ്ങളും യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഗ്യാരണ്ടിയടക്കമുള്ള വാഗ്ദാനങ്ങളും അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. ഒരുമണിക്കൂർ നീണ്ട അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെട്ട റീലിന്റെ ലിങ്ക് ഫേസ്ബുക്കിൽ ഇപ്പോഴും ഉണ്ടെങ്കിലും ഇന്ത്യയിൽ വീഡിയോ കാണാൻ സാധിക്കില്ല.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ





































