തിരുവനന്തപുരം: വിവാദമായ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്‌ജു. പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തിൽ നിന്ന് പിൻമാറിയത്.
ഇന്ന് ബിൽ ചർച്ചയ്‌ക്ക് എടുക്കില്ലെന്ന് കിരൺ റിജ്‌ജു സഭയെ അറിയിക്കുകയായിരുന്നു. അവസാന നിമിഷമാണ് ബിൽ പരിഗണിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും ക്രൈസ്‌തവ സഭകളുടെ എതിർപ്പും പരിഗണിച്ചാണ് ബിൽ പരിഗണിക്കുന്നത് മാറ്റിയതെന്നാണ് സൂചന.
പ്രതിപക്ഷം രാവിലെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധം നടത്തിയിരുന്നു. ബിൽ പരിഗണിക്കുന്നത് കണക്കിലെടുത്ത് കോൺഗ്രസ് എംപിമാരോട് ഇന്ന് അടിയന്തിരമായി ഡെൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെസി. വേണുഗോപാൽ നിർദ്ദേശം നൽകിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭ ഉച്ചയ്‌ക്ക് 12 വരെ നിർത്തിവെച്ചു.
അതേസമയം, രാജ്യതാൽപര്യ പ്രകാരമാണ് ഭേദഗതിയെന്നും ബിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്നും കിരൺ റിജ്‌ജു സഭയിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആർഎ) ഭേദഗതിയുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
പുതിയ ഭേദഗതി ബില്ലിലെ ചില വ്യവസ്‌ഥകൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും മത സ്‌ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ അല്ലെങ്കിൽ കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്‌ഥ.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’









































