ലാഹോർ: പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ ത്വയിബയുടെ സ്‌ഥാപകരിൽ ഒരാളായ ആമിർ ഹംസയ്‌ക്ക് വെടിയേറ്റതായി റിപ്പോർട്. ലാഹോറിൽ വെച്ചാണ് ആമിർ ഹംസയ്‌ക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ഇയാളുടെ നില ഗുരുതരമാണെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ലാഹോറിലെ ഒരു ന്യൂസ് ചാനലിന്റെ ഓഫീസിന് മുന്നിൽ വെച്ചാണ് അമീർ ഹംസയ്‌ക്ക് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അജ്‌ഞാതനായ അക്രമി സംഭവ സ്‌ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളിൽ ഉണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല.
ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമീർ ഹംസയ്‌ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മേയിൽ ലാഹോറിലെ വസതിയിൽ വെച്ചായിരുന്നു ആക്രമണം. ഇതേത്തുടർന്ന് പാക്കിസ്‌ഥാൻ അധികൃതർ ആമിറിന് സുരക്ഷ വർധിപ്പിക്കുകയും ചെയ്‌തിരുന്നു.
1959ൽ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻ വാലിയിലാണ് ആമിർ ഹംസ ജനിച്ചത്. 1985നും 1986നുമിടയിൽ ഭീകരരായ ഹാഫിസ് സയീദും ആമിർ ഹംസയും ചേർന്നാണ് ലഷ്‌കറെ ത്വയിബ സ്‌ഥാപിച്ചത്. ഇന്ത്യയിലടക്കം നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ആമിർ ഹംസയായിരുന്നു. ലഷ്‌കറെയുടെ രണ്ടാമത്തെ പ്രധാന നേതാവായാണ് ഇയാളെ കണക്കാക്കുന്നത്.
യുഎസ് ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ആളാണ് ആമിർ ഹംസ. 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസിന് നേരെ നടന്ന ആക്രമണത്തിലും ആമിർ ഹംസയ്‌ക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്. എന്നാൽ, 2018ൽ ഇയാൾ ലഷ്‌കറെയുമായി അകന്നിരുന്നുവെന്നും പാക്ക് മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പിന്നാലെ, ജെയ്‌ഷെ മൻഫാഖ എന്ന പേരിൽ മറ്റൊരു ഭീകരസംഘടന സ്‌ഥാപിച്ചിരുന്നു. ജമ്മു കശ്‌മീർ ഉൾപ്പടെയുള്ള മേഖലയിൽ ഈ സംഘടന ചില നീക്കങ്ങൾ നടത്തിയിരുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ ഭീകരസംഘടന രൂപീകരിച്ചെങ്കിലും ആമിർ ഹംസ ലഷ്‌കർ നേതൃത്വവുമായി അടുത്തബന്ധം പുലർത്തിയിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
Most Read| ഹോർമുസിൽ നാവിക ഉപരോധം തുടർന്നാൽ കപ്പലുകൾ ആക്രമിക്കും; ഇറാൻ







































