
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പൊതുദർശനം അവസാനിച്ചു. രാവിലെ 9.15ഓടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പൊതുദർശനത്തിൽ നിരവധിപ്പേരാണ് എത്തിയത്. പ്രിയ അധ്യാപകരുടെ ചേതനയറ്റ ശരീരം കണ്ട് വിറങ്ങലിച്ചിരിക്കുകയാണ് നാട്.
സ്‌കൂളിലെ ഒതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകൾ മലപ്പുറത്തേക്ക് പുറപ്പെട്ടത്. ഒമ്പത് ആംബുലൻസുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്. രാവിലെ 9.15ഓടെ സ്‌കൂളിലെത്തി. അവസാനമായി തങ്ങളുടെ വിദ്യാലയ മുറ്റത്ത് അവർ ചേതനയറ്റ് കിടന്നു.
വൈകാരികമായ രംഗങ്ങൾക്കാണ് സ്‌കൂൾ പരിസരം സാക്ഷിയായത്. നഷ്‌ടത്തിന്റെ ആഘാതം താങ്ങാനാവാതെ നിലവിളിക്കുന്നവരും തളർന്നിരിക്കുന്നവരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി തങ്ങൾ, പികെ. കുഞ്ഞാലികുട്ടി എന്നിവരടക്കം സ്‌കൂളിൽ എത്തിയിരുന്നു. സ്‌കൂൾ യൂണിഫോമിലാണ് കുട്ടികൾ അവരുടെ പ്രിയപ്പെട്ട അധ്യാപകരെ യാത്രയാക്കാൻ വന്നത്.
ഉച്ചയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും. അതേസമയം, മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും നഷ്‌ടപരിഹാരം നൽകുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെ കേരളത്തിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. സ്‌കൂളിലെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകും. മരിച്ച അധ്യാപകർക്ക് പകരക്കാരെ അടിയന്തരമായി നിയമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലർത്താം. സ്‌കൂളിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകർ ചെയ്‌തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവർ ചെയ്‌തിരുന്നതെന്നും, സംഭവത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Most Read| ‘ബുധനാഴ്‌ചയ്‌ക്കകം കരാറിലെത്തണം; ഇല്ലെങ്കിൽ ബോംബുകൾ വർഷിക്കും’



































