വാഷിങ്ടൻ: ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്ക് ഉള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്‌തമാക്കി. ”ഒരുപക്ഷേ ഞാൻ വെടിനിർത്തൽ നീട്ടില്ല. പക്ഷേ, ഉപരോധം നിലനിൽക്കും. അതിനാൽ നിർഭാഗ്യവശാൽ ഞങ്ങൾക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും”- എന്നാണ് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ചു അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ലോകത്തെ ഊർജ വിതരണത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്നും ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്‌ലാമാബാദിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ധാരണയാകാതെ അവസാനിച്ചെങ്കിലും നയതന്ത്ര നീക്കങ്ങൾ നടക്കുകയാണ്. ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നയതന്ത്ര ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ നിലവിലെ വെടിനിർത്തൽ തകരുകയും മേഖലയിൽ വീണ്ടും യുദ്ധം ആരംഭിക്കുകയും ചെയ്‌തേക്കാം.
ഈ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുകയാണ്. അതിനിടെ, ഇരുപക്ഷവും ഉടൻ തന്നെ രണ്ടാംഘട്ട ചർച്ചകൾക്കായി തയ്യാറെടുക്കുകയാണെന്നാണ് വിവരം. തിങ്കളാഴ്‌ച ഇസ്‌ലാമാബാദിൽ വെച്ചുതന്നെ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ ഞായറാഴ്‌ച തന്നെ ഇസ്‌ലാമാബാദിൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം







































