പാലക്കാട്: വിക്‌ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം മാറ്റി. നെൻമാറ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങളും അനുബന്ധ സാധനസാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമാണ് ഇന്ന് പത്തുമണിയോടെ തുറക്കാനിരുന്നത്.
തിരഞ്ഞെടുപ്പ് ഡയറിയും മറ്റുചില സുപ്രധാന മെറ്റീരിയലുകളും എടുക്കുന്നതിനാണ് മുറി തുറക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്‌ഥർ നൽകിയ ഔദ്യോഗിക വിശദീകരണം. ഇക്കാര്യം വ്യക്‌തമാക്കി നെൻമാറയിലെ യുഡിഎഫ് സ്‌ഥാനാർഥി എ. തങ്കപ്പനെ വിവരം അറിയിച്ചിരുന്മു. സ്‌ഥാനാർഥിയോ നിശ്‌ചയിക്കപ്പെട്ട ഏജന്റോ മുറി തുറക്കുന്ന സമയത്ത് അവിടെ എത്തണമെന്നും നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, സ്‌ട്രോങ്ങ് റൂം തുറക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് എ. തങ്കപ്പൻ ആരോപിച്ചിരുന്നു. ഇടയ്‌ക്കിടെ തുറക്കാനാണെങ്കിൽ ഇത് എങ്ങനെയാണ് സ്‌ട്രോങ്ങ് റൂം ആകുന്നതെന്നും അദ്ദേഹം ചോദിച്ചു. തുറക്കുന്ന കാര്യം രേഖാമൂലം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, തുറക്കുന്നത് ഇവിഎം സ്‌ട്രോങ്ങ് അല്ലെന്നും മെറ്റീരിയൽ സ്‌ട്രോങ്ങ് റൂം ആണെന്നും പാലക്കാട് ജില്ലാ കലക്‌ടർ മാധവിക്കുട്ടി വ്യക്‌തമാക്കി. നേരത്തെ, കോഴിക്കോട് സ്‌ട്രോങ്ങ് റൂം തുറന്നത് വലിയ വിവാദമായിരുന്നു. പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം ആണ് തുറന്നതെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.
ചീഫ് ഇലക്‌ടറൽ ഓഫീസർക്കാണ് യുഡിഎഫ് പരാതി നൽകിയത്. പരാതിയിൽ ജില്ലാ കലക്‌ടർ ഉടൻ വിശദീകരണം നൽകും. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്‍ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫിന്റെ പരാതി.
എന്നാൽ, തുറന്നത് സ്‌ട്രോങ്ങ് റൂമല്ല, റിസർവ് റൂമാണെന്ന വിശദീകരണം വന്നെങ്കിലും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്‌ചയുണ്ടായെന്ന ആരോപണത്തിന് ബലമേറുകയാണ്. കൃത്യമായ മുൻകൂർ നോട്ടീസ് നൽകാതെയും, ബിഎസ്എഫ് സുരക്ഷയിലുള്ള അതീവ സുരക്ഷാ മേഖലയിൽ ഉദ്യോഗസ്‌ഥർ പ്രവേശിച്ചതും അട്ടിമറി നീക്കമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































