ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ ആദ്യം പടർന്നത്. അതിവേഗം മൂന്നും നാലും നിലകളിലേക്ക് പടരുകയായിരുന്നു. താമസക്കാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടം. 14 അഗ്‌നിശമന സേനാ യൂണിറ്റുകൾ സ്‌ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആറുമണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 12ലധികം പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒമ്പത് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്‌തമല്ലെങ്കിലും എസി പൊട്ടിത്തെറിച്ചാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. മൃതദേഹങ്ങൾ കണ്ടെടുത്തതായും തുടർ നടപടികൾക്കായി ക്രൈം ടീമിന് കൈമാറിയതായും ഷാഹ്‌ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീന അറിയിച്ചു. അപകട സമയത്ത് കെട്ടിടത്തിനുള്ളിൽ ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്. ബാൽക്കണി വഴിയാണ് ഭൂരിഭാഗം പേരെയും പുറത്തെത്തിച്ചത്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































