ചെന്നൈ: ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട്ടിൽ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേറി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്‌റ്റേഡിയത്തിൽ പ്രത്യേകം സജ്‌ജീകരിച്ച വേദിയിലായിരുന്നു ചടങ്ങ്.
ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചടങ്ങിൽ എത്തിയിരുന്നു. എംജിആർ, ജെ. ജയലളിത, സിഎൻ. അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയവർ സിനിമയിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നടത്തിയ അതേ യാത്ര ആരംഭിച്ചിരിക്കുകയാണ് വിജയ്‌യും.
മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പും വിജയ് ആണ് കൈകാര്യം ചെയ്യുന്നത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്തി ഡിഎംകെ അധികാരത്തിൽ വന്നതിന് ശേഷം ഏറെനാളായി കോൺഗ്രസിന് മന്ത്രിമാർ ആരും തന്നെ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നില്ല.
ഡിഎംകെയുടെ സഖ്യകക്ഷി ആയിരുന്നെങ്കിലും മന്ത്രിസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് വിജയ് അധികാരത്തിലേറിയത്. ഇതിൽ 108 എംഎൽഎമാർ ടിവികെയുടേത് തന്നെയാണ്. കോൺഗ്രസ് (5), സിപിഐ (2), സിപിഎം (2), വിസികെ (2), മുസ്‌ലിം ലീഗ് (2) എന്നിങ്ങനെയാണ് പിന്തുണ നൽകിയ മറ്റു പാർട്ടികൾ.
ഇതിൽ കോൺഗ്രസ് മാത്രമാണ് വിജയ്‌യുമായി സഖ്യം രൂപീകരിച്ചത്. ഇടതുപാർട്ടികൾ സഖ്യ സർക്കാരിൽ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണ മാത്രമേ ഉണ്ടാകൂ. മേയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പെരമ്പൂർ, തൃച്ചി ഈസ്‌റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്നും വിജയിച്ച വിജയ്, ഇതിൽ ഒരെണ്ണം ഉടൻ രാജിവെക്കും.
ടിവികെ സർക്കാരിന്റെ നയം
മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്‌തമാക്കി വിജയ്. മതനിരപേക്ഷതയ്‌ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്‌തമാക്കി.
ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ല. ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്‌ചവെക്കും. ഞാൻ തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വെറുതെവിട്ടില്ല. ഞാൻ നിങ്ങളെപ്പോലെ സാധാരണക്കാരനാണ്. പത്തുലക്ഷം കോടിയിലധികം രൂപയുടെ കടമാണ് ഡിഎംകെ സർക്കാർ വരുത്തിവച്ചത്. ഈ പശ്‌ചാത്തലത്തിലാണ് ഞാൻ ഭരണം ഏറ്റെടുക്കുന്നത്. സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും സംസ്‌ഥാനത്തിന്റെ ഇപ്പോഴത്തെ സ്‌ഥിതി ജനങ്ങളെ അറിയിക്കാൻ ധവളപത്രം പുറത്തിറക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു.
സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു
മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കുന്നതിനായുള്ള സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു വിജയ്. ഗാർഹിക ഉപഭോക്‌താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഫയലിലാണ് മുഖ്യമന്ത്രി ആദ്യം ഒപ്പിട്ടത്. ലഹരിമരുന്ന് തടയാനും സ്‌ത്രീകളുടെ സുരക്ഷയ്‌ക്കുമായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഉത്തരവിനും അദ്ദേഹം അംഗീകാരം നൽകി.
Most Read| ‘യുഎസിന് നന്ദി, യുക്രൈനുമായുള്ള യുദ്ധം അവസാനിക്കുന്നു’; സൂചന നൽകി പുട്ടിൻ




































