തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. ടീം യുഡിഎഫ് ആയി നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് തന്നെ ഇതിന് പ്രാപ്‌തനാക്കിയത്. ജനങ്ങളോട് പറഞ്ഞ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും വിഡി.സതീശൻ പറഞ്ഞു.
കോൺഗ്രസ് ഏൽപ്പിച്ച കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്തത്തിന് അഖിലേന്ത്യാ നേതൃത്വത്തിനോട് ഉൾപ്പടെ എല്ലാവരോടും നന്ദി പറഞ്ഞ വിഡി. സതീശൻ, പുതിയ കേരളത്തെ സൃഷ്‌ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും പറഞ്ഞു.
ഇത് വ്യക്‌തിപരമായി കിട്ടിയ കാര്യമായിട്ടല്ല, മറിച്ച് ദൈവിക നിയോഗമായിട്ടാണ് കാണുന്നത്. ഈ വലിയ വിജയത്തിന് സഹായിച്ചത് എഐസിസി ആണ്. അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് കെസി. വേണുഗോപാലാണ്. എല്ലാ കാര്യങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
രമേശ് ചെന്നിത്തല എന്റെ നേതാവാണെന്ന് പറഞ്ഞാണ് അദ്ദേഹം നന്ദിയറിയിച്ചത്. ഒരാൾക്ക് ഒറ്റയ്‌ക്ക് ഒന്നും ചെയ്യാനാകില്ല. കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കണം. കോൺഗ്രസ് കഴിവുള്ള ഒരുപാട് പേരുടെ പാർട്ടിയാണ്. ഘടകകക്ഷികളെയും നേതാക്കളെയും കണ്ടതിനുശേഷം സത്യപ്രതിജ്‌ഞ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News| ‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ

































