വാഷിങ്ടൻ: പശ്ചിമേഷ്യയിൽ സമാധാനം പുലരുന്നു. യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം നിബന്ധനകളും ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് ധാരണയിൽ എത്തിയതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ശനിയാഴ്ച വിവിധ ഗൾഫ് രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും നേതാക്കളുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. യുഎസുമായുള്ള കരാറിന്റെ കരട് ചട്ടക്കൂട് തയ്യാറാക്കി തുടങ്ങിയെന്നും അവസാന ഘട്ടത്തിലാണെന്നും കഴിഞ്ഞ ദിവസം ഇറാനും അറിയിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രമാണ് ആദ്യം തയ്യാറാക്കുക. ശേഷം രണ്ടുമാസത്തിനുള്ളിൽ അന്തിമ കരാറിലെത്തുമെന്നാണ് പറയുന്നത്. ധാരണയുടെ ആദ്യപടിയായി ഇറാൻ ഹോർമുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിൻവലിക്കുകയും ചെയ്തേക്കുമെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
സമാധാന ചർച്ചകൾക്കായി വെള്ളിയാഴ്ച പാക്ക് സൈനിക മേധാവി അസിം മുനീറും ഖത്തറിൽ നിന്നുള്ള നയതന്ത്ര സംഘവും ടെഹ്റാനിൽ എത്തിയിരുന്നു. ഇവർ മടങ്ങിയതിന് ശേഷമാണ് ഇറാന് യുഎസും ചർച്ചകളിൽ വഴിത്തിരിവ് ഉണ്ടായെന്ന് അറിയിച്ചത്. പിന്നാലെയാണ് ട്രംപിന്റെ കുറിപ്പും വന്നത്.
”ഞാൻ ഇപ്പോൾ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിലാണുള്ളത്. സമാധാനവുമായി ബന്ധപ്പെട്ട ഒരു ധാരണാ പത്രത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യ പ്രസിഡണ്ട് ബിൻ സൽമാൻ അൽ സൗദ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽഥാനി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ബിൻ ജാബർ അൽഥാനി, ഖത്തർ മന്ത്രി അലി അൽ-ഥവാദി, പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ ഉൾപ്പടെയുള്ളവരുമായി വിജയകരമായ ഫോൺ സംഭാഷണം പൂർത്തിയാക്കി”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































