പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്കിൽപ്പെട്ട ആംബുലൻസിലെ രോഗി മരിച്ചു. പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായ വെള്ളമാരി ഉന്നത സ്വദേശി സജീവ് കുമാറാണ് മരിച്ചത്.
വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് സജീവ് കുമാറിനെയും വഹിച്ചുള്ള ആംബുലൻസ് ചുരത്തിലെത്തിയത്. എന്നാൽ, മരണം വീണതിനെ തുടർന്ന് ഏകദേശം ഒരുമണിക്കൂറോളം ആംബുലൻസ് ചുരത്തിൽ കുടുങ്ങി.
പിന്നീട് മരം മുറിച്ചുമാറ്റിയ ശേഷം യാത്ര തുടർന്നുവെങ്കിലും തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും സജീവ് മരണപ്പെട്ടിരുന്നു. ഒരുപക്ഷേ അൽപ്പം നേരത്തെ എത്തിയിരുന്നുവെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
അട്ടപ്പാടി മേഖലയിലെ ജനങ്ങളുടെ യാത്രാപ്രതിസന്ധി ഗുരുതരമാണ്. മേഖലയിലെ ജനങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിക്കുന്ന ഏക വഴിയാണ് ചുരം റോഡ്. മഴക്കാലമാകുമ്പോൾ മരം വീണും മറ്റും ഗതാഗതം തടസപ്പെടുന്നത് പതിവാണ്. ഇത് അടിയന്തര ചികിൽസ ആവശ്യമുള്ള രോഗികളെയടക്കം ബാധിക്കാറുണ്ട്.
Most Read| പ്രായമൊക്കെ എന്ത്! ബിഎ പരീക്ഷയിൽ മികച്ച വിജയം നേടി പത്ത് വീട്ടമ്മമാർ





































