ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിക്ക് ജാമ്യം

ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്.

By Senior Reporter, Malabar News
ED Raids Pinarayi Vijayan's Home Massive Clash
സംഘർഷത്തിൽ ഇഡി വാഹനത്തിന്റെ ചില്ല് തകർന്നപ്പോൾ

കൊച്ചി: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ ഒരു പ്രതിക്ക് ജാമ്യം. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ല. ഈ കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ.

മൂന്നുമാസത്തേക്ക് എല്ലാ ബുധനാഴ്‌ചയും രാവിലെ പത്തുമണിക്കും 12നും ഇടയ്‌ക്ക് ഒപ്പിടാനായി ഹാജരാകണം. സമാന കുറ്റകൃത്യങ്ങളിൽ അകപ്പെടാനും പാടില്ലെന്ന ഉപാധിയോടെയാണ് ജാമ്യം. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പ്രോസിക്യൂഷൻ തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചു.

കേസിൽ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല. ഇയാൾക്ക് ജാമ്യം നൽകി ജയിൽ മോചിതനാക്കിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചു. 27 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്.

സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന റെയ്‌ഡിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. റെയ്‌ഡ്‌ കഴിഞ്ഞു മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്‌ഥരുടെ കാറാണ് ആക്രമിച്ചത്.

ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നായിരുന്നു പോലീസ് കണ്ടെത്തൽ. തുടർന്ന് 25 സിപിഎം പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മേയ് 27നായിരുന്നു പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഉൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌ നടത്തിയത്. എട്ടുമണിക്കൂറോളം പരിശോധന നീണ്ടു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്‌ഡ്‌.

വീണക്ക് കുരുക്ക് മുറുകുന്നു; 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറി

സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണക്കെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിലെ 134 രേഖകൾ ഇഡിക്ക് കൈമാറി. കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഇഡി നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി.

ഈ നീക്കത്തെ സിഎംആർഎൽ കോടതിയിൽ എതിർത്തെങ്കിലും തടസവാദങ്ങൾ തള്ളിക്കൊണ്ട് രേഖകൾ കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഈമാസം 29ന് വീണാ വിജയനെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ രേഖകൾ ലഭ്യമായത് അന്വേഷണ സംഘത്തിന് കരുത്താകും.

കഴിഞ്ഞ 17ന് വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, മൊഴികളിൽ ചില പൊരുത്തക്കേടുകളും ഉള്ളതായി ഇഡിക്ക് സംശയം ഉണ്ടായിരുന്നു. ശേഖരിച്ച രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ അന്തരമുണ്ടെന്നാണ് സൂചന.

Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE