കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് എട്ടുപവനോളം സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തിയതും വിവിധയിടങ്ങളിൽ നിന്ന് നാട്ടുകാർക്ക് കളഞ്ഞുകിട്ടി പോലീസിൽ ഏൽപ്പിച്ചതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷനിൽ നിന്നും കാണാതായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വർണാഭരണങ്ങളിൽ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
2018 മുതലുള്ള സൂക്ഷിപ്പുസ്വർണമാണ് 2025ൽ നഷ്ടപ്പെട്ടത്. സ്വർണം സംബന്ധിച്ച വിവരം പോലീസ് സ്റ്റേഷനിലെ രേഖകളിലും ഉണ്ടായിരുന്നില്ല. ഇതോടെയാണ് കൊണ്ടോട്ടി എസ്പിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്. തൊണ്ടി മുതൽ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചത് മുൻ എസ്എച്ച്ഒ എം. അബ്ബാസ് അലി ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയിലിരിക്കെ മറ്റൊരു കൃത്യവിലോപത്തിൽ നേരത്തെയും എം. അബ്ബാസ് അലി സസ്പെൻഷനിൽ ആയിരുന്നു. സ്വർണമോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. അബദ്ധത്തിൽ സ്വർണം കൈവശം വന്നുപോയെന്നും, പിന്നീട് മറന്നുപോവുകയായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥൻ എഎസ്പിയോട് പറഞ്ഞത്. പിന്നാലെയാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുന്നത്.
Most Read| മധ്യസ്ഥ ചർച്ചയിൽ പുരോഗതി; ഹോർമുസിൽ ഒരാഴ്ച സംഘർഷത്തിന് അയവ്







































