സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; പ്രധാന്റെ രാജിയിൽ തീരുമാനം നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നും സിജെപി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു.

By Senior Reporter, Malabar News
CJP Delhi Protest
CJP Delhi Protest (Image Courtesy: NDTV)

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. ഡെൽഹിയിലെ കോൺസ്‌റ്റിറ്റ്യൂഷൻ ക്ളബ് ഓഫ് ഇന്ത്യയിൽ വച്ചാണ് ചർച്ച നടന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നും സിജെപി നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ഒഴികെയുള്ള ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതായാണ് വിവരം.

ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ നാളെ ഉച്ചയ്‌ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാർഥികൾ വ്യക്‌തമാക്കി. അതേസമയം, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്‌തമാക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി. കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സിജെപി നേതാക്കളുമായി ഇന്ന് ചർച്ച നടത്തിയത്.

വിദ്യാർഥികളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം, ഡെൽഹിയിലെ ഇന്റർനെറ്റ് നിരോധനം ഇന്ന് അർധരാത്രിവരെ നീട്ടി. രാജ്യവ്യാപകമായി പ്രകടനങ്ങളും സത്യഗ്രഹങ്ങളും നടത്താൻ കോൺഗ്രസ് നേതൃത്വം ജില്ലാ നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യ തലസ്‌ഥാനത്ത് വീണ്ടും പ്രതിഷേധ പരിപാടികൾ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

സിജെപിക്ക്‌ പിന്തുണ അറിയിച്ച് നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്ക് ഉപവാസ സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക്‌ കളമൊരുങ്ങിയത്. അതേസമയം, വാങ്‌ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും എന്നാൽ ജന്തർ മന്തറിൽ നടക്കുന്ന സമാധാനപരമായ സമരം ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുന്നതുവരെ തുടരുമെന്നും സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പറഞ്ഞു.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE