ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം അനിവാര്യമെന്ന് സുപ്രീം കോടതി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 18 വയസിൽ താഴെയുള്ളവരും ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരുമായ എല്ലാ വിദ്യാർഥികളെയും മോചിപ്പിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഡിജിറ്റൽ തെളിവുകളെല്ലാം സംരക്ഷിക്കാനും നിർദ്ദേശിച്ചു.
പോലീസ് നടപടിക്രമങ്ങൾ പാലിക്കേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാർഥി സമരം സമാധാനപരമായിരുന്നു. ചില വിദ്യാർഥികളെ പോലീസ് ക്രൂരമായി ഉപദ്രവിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. പോലീസിന് നേരെയും ആക്രമണം ഉണ്ടായി.
എല്ലാ ആരോപണങ്ങളിലും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ്. രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കും. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തും. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കും. സമിതി രൂപീകരണം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും കോടതി പറഞ്ഞു.
ഈമാസം 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റും പ്രായോഗിച്ച ഡെൽഹി പോലീസ് നടപടിയെ കഴിഞ്ഞദിവസവും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്താൻ എല്ലാവർക്കും ഭരണഘടനാപരമായ അവകാശം ഉണ്ടെന്നും അത് നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
സമാധാനപരമായി സമരം നേരിടുന്നതിന് പ്രോട്ടോകോൾ തയ്യാറാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ പോലീസിന് അമിതാധികാരം പ്രയോഗിക്കാൻ അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളെ ക്രൂരമായി നേരിട്ട സംഭവത്തിൽ പോലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപിയുടെ അടക്കം ഹരജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Most Read| പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; ക്ഷമാപണവുമായി മെറ്റ


































