മുസ്ലിം സമൂഹത്തിൽ വ്യാപകമായി കാണപ്പെടുന്ന സയ്യിദ്, തങ്ങൾ എന്നിങ്ങനെയുള്ള സ്‌ഥാന പേരുകളും അല്ലെങ്കിൽ അലി, മുഹമ്മദ്, സഫിയ, ഫാത്തിമ തുടങ്ങിയ പേരുകൾക്ക് പിന്നിലും മതപരമായ സവിശേഷ കാരണങ്ങളുണ്ട്. പക്ഷെ, ‘കോയ’യ്‌ക്ക് മതപരമായ ബഹുമാനത്തിന്റെ പശ്‌ചാത്തലം, ആഴത്തിൽ അവകാശപ്പെടാൻ സാധിക്കില്ല.
ചരിത്രകാരൻമാരും സാമൂഹിക ഗവേഷകരും സാംസ്‌കാരിക വിശകലന വിദഗ്‌ധരും പറയുന്നത്, മലബാറിലെ സാമൂഹികവും വ്യാപാരപരവും മതപരവുമായ ചരിത്രം ചേർന്നാണ് ഈ പേര് വ്യാപകമായതെന്നാണ്. ഇവരിൽ പലരും പറയുന്നതനുസരിച്ച്, ‘കോയ’ എന്നത് ആദ്യം ഒരു വ്യക്‌തിയുടെ പേരായല്ല രൂപം പ്രാപിച്ചത്. ബഹുമാനപദവി, പിന്നീട് വ്യാപാരസമൂഹത്തിന്റെ തിരിച്ചറിയൽ, ശേഷം, വ്യക്‌തികളുടെ പേര് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് “കോയ” വ്യാപകമായത്.
മലബാറിൽ മതപണ്ഡിതൻമാരുടെയും സയ്യിദ്, തങ്ങൾ കുടുംബങ്ങളുടെയും പേരിനൊപ്പം ‘കോയ’ ചേർന്നത് ഈ പേരിന്റെ പ്രതിഛായ ശക്‌തമാക്കിയിരിക്കാം എന്നും അഭിപ്രായമുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ‘കോയ’ എന്ന പേരുള്ള എല്ലാവരും മതപണ്ഡിതരോ സയ്യിദ്/തങ്ങൾ വംശജരോ അല്ല.
‘ഖ്വാജ’യിൽ നിന്ന് കോയയിലേക്ക്
‘കോയ’ എന്നത് സാധാരണയായി പേർഷ്യൻ ‘ഖ്വാജ’ (Khwaja) എന്ന ബഹുമാനപദത്തിന്റെ മലബാറിലെ രൂപമായാണ് കണക്കാക്കപ്പെടുന്നത്. ‘ഖ്വാജ’ എന്ന പദം പണ്ഡിതൻമാർ, സൂഫി ഗുരുക്കൻമാർ, മതനേതാക്കൾ, സമൂഹത്തിലെ ആദരണീയർ തുടങ്ങിയവരെ അഭിസംബോധന ചെയ്യാൻ ഇന്ത്യയുൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ മുസ്‌ലിം സമൂഹം ഉപയോഗിച്ചിരുന്നതായി ചരിത്രത്തിൽ പലയിടത്തും പറയുന്നുണ്ട്. അതിനാൽ ഈ പദത്തിന് കാലക്രമത്തിൽ മതപരമായ ആദരവും ആത്‌മീയവുമായ പ്രതിഛായയും ലഭിച്ചത് ഈ പേര് വ്യാപകമാകാൻ കാരണമായിട്ടുണ്ടാകാം.
‘ഖ്വാജ’ (Khwaja) എന്നത് പേർഷ്യൻ പദമാണ്. മലയാളത്തിൽ സാഹചര്യം അനുസരിച്ച്, ബഹുമാന്യനായ വ്യക്‌തി, യജമാനൻ, പ്രഭു, ഗുരു, പണ്ഡിതൻ അല്ലെങ്കിൽ നേതാവ് എന്നിങ്ങനെയുള്ള അർഥങ്ങളാണ് ഖ്വാജക്ക് നൽകുന്നത്. ഉദാഹരണത്തിന്, സൂഫി ഗുരുക്കൻമാരെ ‘ഖ്വാജ’ എന്ന് വിളിക്കുന്നത് ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ പ്രദേശങ്ങളിൽ ശീലമായിരുന്നു. ഈ വാക്ക് അഥവാ ‘ഖ്വാജ’ എന്നത് ‘ഖോജ’ യിലേക്കും പിന്നീട് ഉച്ചാരണ എളുപ്പത്തിന് ‘കോയ’ എന്ന രീതിയിലേക്കും മാറിയതാകാമെന്നാണ് ബന്ധപ്പെട്ട ഒരു വിശദീകരണം.
‘ഷാബന്ദർ കോയ’യിൽ നിന്നും ആകാം
മധ്യകാല മലബാറിലെ പ്രധാന അന്താരാഷ്‌ട്ര വ്യാപാരകേന്ദ്രമായിരുന്ന കോഴിക്കോട് തുറമുഖ വ്യാപാരാധികാരിയെ അല്ലെങ്കിൽ തുറമുഖത്തെ കയറ്റിറക്ക് അധികാരിയെ ‘ഷാഹ്‌ബന്ദർ കോയ (Shahbandar Koya)’ എന്ന് വിശേഷിപ്പിച്ചിരുന്നതായും ഇതിൽ ‘ഷാഹ്‌ബന്ദർ’ എന്നത് ഔദ്യോഗിക പദവിയും ‘കോയ’ എന്നത് ആ പദവി വഹിച്ചിരുന്ന മുസ്‍ലിം വ്യക്‌തിയുടെ വിശേഷണവുമായിരുന്നു എന്നുമാണ് ചില ചരിത്രപഠനങ്ങൾ പറയുന്നത്.
ഇതിലൂടെയാകാം കോഴിക്കോട്ടെ സമ്പന്നരായ മുസ്‌ലിം വ്യാപാരകുടുംബങ്ങളും ‘കോയ’ വിഭാഗമായി അറിയപ്പെട്ടത്. ഭരണാധികാരികളുടെ സംരക്ഷണവും വ്യാപാരത്തിലുള്ള മേൽക്കോയ്‌മയും കാരണം ‘കോയ’ എന്ന പേരിന് ഇക്കാലത്ത് വലിയ സാമൂഹിക ബഹുമതിയും ലഭിച്ചിരുന്നു. ഈ വിശേഷണം തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ചുങ്കം പിരിവുകാരുടെ നേതാക്കൾ, കച്ചവടത്തിലെ പ്രധാനികൾ എന്നിവരിലേക്കും പിന്നീട്, കോഴിക്കോട് തുറമുഖ പരിസരത്ത് നിന്ന് മലബാറിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിലൂടെ മലബാർ മുഴുവൻ വ്യാപകമായതാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
‘കോയ’ ഒരേസമയം പേരും സാമൂഹിക തിരിച്ചറിയലും
കോഴിക്കോട്, പ്രത്യേകിച്ച് പഴയ കുറ്റിച്ചിറ, കല്ലായി, ബേപ്പൂർ എന്നിവിടങ്ങളിൽ ‘കോയ’ എന്നത് ചരിത്രപരമായ മുസ്‌ലിം വ്യാപാരസമൂഹത്തെ സൂചിപ്പിക്കുന്ന വിശേഷണമായി മാറി. പിന്നീട്, മുകളിൽ പറഞ്ഞതുപോലെ, കോഴിക്കോട് തുറമുഖ പരിസരത്ത് നിന്ന് മലബാറിലെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറിയവർ ആദരം ലഭിക്കാനായും അല്ലാതെയും സാധാരണ വ്യക്‌തിപേരായോ പേരിന്റെ അവസാനഭാഗമായോ വീട്ടുപേരായോ ഉപയോഗിച്ചു എന്നും അതുകൊണ്ടാണ് ഒരേ പേരുമായി ബന്ധമില്ലാത്ത നിരവധി കുടുംബങ്ങളിൽ ‘കോയ’മാരെ കാണുന്നതെന്നും ചിലർ വിശദീകരിക്കുന്നു.
ചുരുക്കത്തിൽ, ‘കോയ’ വ്യക്‌തതയില്ലാത്ത വിവിധ കാരണങ്ങളാൽ മലബാറിന്റെ ഭാഷയിലും വ്യാപാരചരിത്രത്തിലും കുടുംബസംസ്‌കാരത്തിലും ലയിച്ച് രൂപപ്പെട്ട ഒരു പ്രാദേശിക മുസ്‌ലിം പേരാണ്. കോഴിക്കോട് വ്യാപാര സമൂഹത്തിന് ലഭിച്ച ചരിത്രപരമായ പ്രാധാന്യമാണ് പിന്നീട് മലബാറിലുടനീളം ഈ പേര് വ്യാപകമാകാൻ പ്രധാന കാരണമെന്ന് അനുമാനിക്കാം.
Health| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?




































