തൃശൂർ: മഹാരാഷ്‌ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്‌ക്വാൻഡോ മൽസരത്തിനിടെ എതിരാളിയുടെ മർദ്ദനമേറ്റ പ്ളസ് ടു വിദ്യാർഥിക്ക് ഗുരുതര പരിക്ക്. പെരുമ്പിലാവ് അൻസാർ സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിയും മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്‌ദുൽ ജലാലിന്റെ മകനുമായ ഫായിസ് അബ്‌ദുൽ ജലാലിനാണ് (18) മർദ്ദനമേറ്റത്.
എറണാകുളം ആസ്‌റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫായിസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഫായിസ് അബോധാവസ്‌ഥയിൽ ആണ്. ഓഗസ്‌റ്റ് മൂന്നിന് നടന്ന അണ്ടർ 19 വിഭാഗം മൽസരത്തിനിടെയാണ് സംഭവം. മൽസരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടി.
നിയമവിരുദ്ധമായ ഈ പ്രഹരത്തിന് ശേഷം ഫായിസ് കടുത്ത വേദനയോടെ മൽസരം നിർത്താൻ റഫറിക്ക് സിഗ്‌നൽ നൽകി റിങ്ങിന് പുറത്തേക്ക് നീങ്ങി. എന്നാൽ, ഫൗൾ വിളിക്കാനോ മൽസരം നിർത്താനോ റഫറി തയ്യാറായില്ല. ഇതിനിടെ, മൽസരം നിർത്തി റിങ്ങിൽ നിന്ന് പിൻമാറിയ ഫായിസിന്റെ മുഖത്തിന് നേരെ എതിരാളി ശക്‌തമായി തൊഴിച്ചു. തലയ്‌ക്ക് അടിയേറ്റ ഫായിസ് ഉടൻ തളർന്നു വീഴുകയായിരുന്നു.
സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഫായിസിനെ ഉടൻ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിൽ കടുത്ത രക്‌തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തു. തുടർന്ന് ഒമ്പതാം തീയതിയാണ് വിദഗ്‌ധ ചികിൽസയ്‌ക്കായി ഫായിസിനെ കൊച്ചിയിൽ എത്തിച്ചത്.
തയ്‌ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മൽസര നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് റഫറിയും സംഘാടകരും പ്രവർത്തിച്ചതെന്ന് ഫായിസിന്റെ കുടുംബം ആരോപിക്കുന്നു. ചട്ടലംഘനം നടന്നിട്ടും മൽസരം തടയാതിരുന്ന റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജണൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
Most Read| മെഡിസെപ് പദ്ധതി പൊളിച്ചെഴുതും; മുഖ്യമന്ത്രി




































