മലപ്പുറം: കർഷകരുടെ അധ്വാനത്തെയും നാടിന്റെ ഭക്ഷ്യസുരക്ഷയെയും ആദരിക്കുന്ന കർഷകദിനമായ ചിങ്ങം 1 (ആഗസ്‌റ്റ് 17) തിങ്കളാഴ്‌ചയാണ് പുരസ്‌കാര സമർപ്പണം. പിസിഡബ്ള്യുഎഫ് എവർഗ്രീൻ സമിതിക്ക് ലഭിച്ച എൻട്രികളിൽ അന്വേഷണം നടത്തിയാണ് താലൂക്കിലെ മികച്ച കർഷകയായി മുനീറയെ തിരഞ്ഞെടുത്തത്.
2017ൽ ചെറിയ രീതിയിലുള്ള അലങ്കാര മൽസ്യ കൃഷിയിലൂടെയാണ് മുനീറ കാർഷിക രംഗത്തേക്ക് കടന്നുവന്നത്. ഇപ്പോൾ വ്യത്യസ്‌തവും അപൂർവവുമായ അലങ്കാര സസ്യങ്ങളെയും ജലസസ്യങ്ങളെയും പരിപാലിക്കുകയും കൃഷി ചെയ്യുകയും വിപണനം നടത്തുകയും ചെയ്യുന്നതിൽ ശ്രദ്ധചെലുത്തുന്ന മുനീറ പ്രധാനമായും ഹൈബ്രിഡ് ഇനത്തിലുള്ള താമരയും ആമ്പലുമാണ് കൃഷി ചെയ്യുന്നത്.
നിലവിൽ 160ലധികം ഇനം താമരയും ആമ്പലും ശേഖരത്തിലുണ്ട്. ഓരോ ഇനത്തിന്റെയും പ്രത്യേകതകൾ മനസിലാക്കി അവയെ പരിപാലിക്കുകയും പുതിയ ഇനങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. അമരി കമാലിയ, പിങ്ക് ക്‌ളോസിഡ്, ബുച്ച, താമോ, നാമോ, ലക്ഷ്‍മി, പച്ചനിറത്തിലുള്ള ക്വിറ്റോ, 201, ബട്ടർമിൽക്ക് തുടങ്ങിയ നിരവധി ഹൈബ്രിഡ് ഇനങ്ങൾ മുനീറയുടെ ശേഖരത്തിലുണ്ട്.
ചെറിയ ചായക്കപ്പിൽ നട്ടുവളർത്താൻ കഴിയുന്ന മൈക്രോ ബൗൾ വിഭാഗത്തിലുള്ള താമര ഇനങ്ങളായ ലിയാങ്‌ലി, ഗ്രീൻ റൈം, അഫെക്ഷൻ-16 തുടങ്ങിയവയും ആമ്പൽ ഇനങ്ങളിൽ പൂവഡോൾ, ഗോൾഡൻ ഫ്രണ്ട്‌ഷിപ്, ഗ്യാലക്‌സി, സലയ്യ, അൻ ചാൻ-1, ഷിഫോൺ ഉൾപ്പടെ 110ഓളം വ്യത്യസ്‌ത ഇനങ്ങളാലും സമ്പന്നമാണ് മുനീറയുടെ കൃഷിയിടം. ഡ്രീം ഫാം അക്കോഫിഷ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.
കര്‍ഷകദിനവും പുരസ്‌കാര സമർപ്പണവും
മലയാള വർഷം ഒന്നാം മാസമായ ചിങ്ങം 1നാണ് കേരളത്തില്‍ കര്‍ഷകദിനമായി ആചരിക്കുന്നത്. ഈ വർഷത്തിൽ ചിങ്ങം 1, ഓഗസ്‌റ്റ് 17 തിങ്കളാഴ്‌ചയാണ്. കാര്‍ഷിക മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുക, പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക, കര്‍ഷകരെ പ്രോൽസാഹിപ്പിക്കുക, വിവിധ രീതിയിലുള്ള പിന്തുണ നൽകുക, മികച്ച കർഷകരെ ആദരിക്കുക എന്നിവക്ക് ഊർജം പകരാനാണ് ഈ ദിനം സ്‌ഥാപിതമായത്.
‘കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിൽ‘ ചിങ്ങത്തിന് പ്രത്യേക സ്‌ഥാനമുണ്ട്. കർക്കിടകത്തിലെ ശക്‌തമായ മഴയ്‌ക്ക് ശേഷം ചിങ്ങം എത്തുമ്പോൾ പാടങ്ങളും ജലസ്രോതസുകളും പുതുജീവൻ നേടുകയും വിളവെടുപ്പിനും അടുത്ത കൃഷിചക്രത്തിനുമുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും ചെയ്യും. ചിങ്ങമാസം കേരളത്തിലെ പ്രധാന വിളവെടുപ്പ് കാലഘട്ടങ്ങളിൽ ഒന്നായിരുന്നുവെന്നും, വിളകൾ ഭക്ഷണത്തിനും സംഭരണത്തിനും അടുത്ത കൃഷിക്കുള്ള വിത്തിനുമായി വേർതിരിച്ചിരുന്നുവെന്നും ചരിത്രം പറയുന്നുണ്ട്.
കൃഷി വകുപ്പും പോഷക സ്‌ഥാപനങ്ങളും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും സന്നദ്ധ സംഘടനകളും ഈ ദിനത്തിൽ കാര്‍ഷിക മേഖലയെയും കര്‍ഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.
കണ്ടനകം സോപാനം പഞ്ചവാദ്യം സ്‌കൂൾ ഹാളിൽ ചിങ്ങം 1 തിങ്കൾ (ഓഗസ്‌റ്റ് 17) ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന കർഷകദിന ചടങ്ങിലാണ് PCWF എവർഗ്രീൻ പൊൻകതിർ പുരസ്‌കാര സമർപ്പണം. 5001രൂപ ക്യാഷ് അവാർഡും പ്രശസ്‌തിഫലകവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.
ചേകനൂർ ചെറോല മുഹമ്മദ് കുട്ടി-റസീന ദമ്പതികളുടെ മകളാണ് മുനീറ. നരിപ്പറമ്പ് മിഡിലീസ്‌റ്റ് ട്രാവൽസ് ഉടമ ജാഫർ കൊരണപ്പറ്റയാണ് ഭർത്താവ്. പത്താം ക്‌ളാസ് വിദ്യാർഥി മുഹമ്മദ് ജസൽ, എട്ടാം ക്‌ളാസ് വിദ്യാർഥി ഫാതിമ ജെസ്‌ലിൻ, അഞ്ചാം ക്‌ളാസ് വിദ്യാർഥി മുഹമ്മദ് ജസാം എന്നിവർ മക്കളാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം


































