കോഴിക്കോട്: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും പരിശോധനാ നടപടികളിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പടെ സംസ്ഥാനത്തെ എട്ട് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. അന്വേഷണത്തിന്റെ രണ്ടാംഘട്ടമെന്നോണമാണ് ഈ റെയ്ഡുകൾ നടക്കുന്നതെന്നാണ് വിവരം.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇന്ന് രാവിലെ കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഡെസ്റ്റിനേഷൻ കോ-ഓർഡിനേറ്റർ ആയിരുന്ന നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള വീട്ടിലെത്തിയത്. ടി. വീണയുടെ ഭർത്താവ് പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് കൂടിയാണ് നന്ദുലാൽ. കോഴിക്കോട്ടെ ജെജെ റിട്രീറ്റ് എന്ന അപ്പാർട്ട്മെന്റിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.
ഡിവൈഎഫ്ഐ നേതാവ് നിഖിലിന്റെ വീട്ടിലും വീണയ്ക്ക് നിക്ഷേപമുള്ള കോഴിക്കോട്ടെ ഒരു കമ്പനിയിലും ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതായാണ് വിവരം. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ കോർപ് എന്ന കമ്പനിയിലാണ് ഇത്തരത്തിൽ തിരച്ചിൽ നടത്തുന്നത്. കേസിൽ ടി. വീണയുടെ പേരിലുള്ള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു.
മേയ് 27ന് വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഭിച്ച ചില രേഖകൾ പ്രകാരം വീണയുടെ അക്കൗണ്ടിൽ 1,37,088 രൂപയും എക്സാലോജിക്കിന്റെ അക്കൗണ്ടിൽ 27,585 രൂപയും ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. ഇതുകൂടാതെ ഈ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി സംഘം എത്തിയതായും സൂചനയുണ്ട്.
നേരത്തെ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിലും കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിൽ നടന്ന റെയ്ഡിലും ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടവരിലേക്കും അന്വേഷണം എത്തിയിരിക്കുന്നത്. കേസിൽ വീണയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു.
Most Read| മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി

































