തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്.
ഭരണഘടനാ സ്‌ഥാപനമായ പിഎസ്‌സിയിൽ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചുകൊണ്ടാണ് ഗവർണറുടെ ഈ നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് എന്നതുൾപ്പടെ ഗവർണർ സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു.
അന്വേഷണവുമായി പിഎസ്‌സി പൂർണമായും സഹകരിക്കുന്നുണ്ടെന്നാണ് സെക്രട്ടറി ഗവർണറെ അറിയിച്ചത്. പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയർന്നാൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്‌ഥരെ ഈ വിധത്തിൽ ഗവർണർ ലോക്‌ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിവെക്കും.
ഉദ്യോഗസ്‌ഥരെ വിളിപ്പിക്കാൻ തനിക്ക് അധികാരമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ. സർക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞദിവസം ഗവർണർ ഡിജിപിയെ വിളിച്ചുവരുത്തിയതിൽ മുഖ്യമന്ത്രി വിഡി സതീശൻ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഗവർണർ വീണ്ടും ഇതേ നടപടി ആവർത്തിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവും വിമർശനം ഉന്നയിച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































