ന്യൂഡെൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് വനിതാ ഡബിൾസിൽ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലിൽ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ഒന്നാം റാങ്കുകാരായ ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ്യത്തോടാണ് പൊരുതിത്തോറ്റത്.
ഫൈനലിൽ ചൈനീസ് താരങ്ങൾ ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലി സോ ഹീ സഖ്യത്തെ നേരിടും. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ മൽസരത്തിൽ പിന്നോട്ട് പോയത്. ചൈനീസ് സംഘം ശക്തമായി മൽസരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.
15 വർഷത്തിന് ശേഷമാണ് ഇന്ത്യ വനിതാ ഡബിൾസ് ലോക ചാംപ്യൻഷിപ്പിൽ മെഡൽ വിജയിക്കുന്നത്. 2011ൽ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ എന്നിവരും വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയാ യി ഫാൻ, ഷാങ് ഷു സിയാൻ സഖ്യത്തെ പൊരുതി തോൽപ്പിച്ചാണ് നേരത്തെ ട്രീസയും ഗായത്രിയും മെഡൽ ഉറപ്പിച്ചത്.
ചാംപ്യൻഷിപ്പിൽ മെഡൽ വിജയിക്കുന്ന ആദ്യ മലയാളി വനിതാ താരമാണ് ട്രീസ ജോളി. ട്രീസയും ഗായത്രിയും നേരത്തെ 2022, 2023 വർഷങ്ങളിൽ തുടർച്ചയായി ഓൾ ഇംഗ്ളണ്ട് ഓപ്പണിന്റെ സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇവർ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ലോക റാങ്കിങ്ങിൽ ആദ്യ പത്തിലും ഇടംപിടിച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































